ഡല്‍ഹിയില്‍ വീണ്ടും അധികാരപ്പോര്; നിയമനത്തിന് തൊട്ടുപിന്നാലെ തിഹാര്‍ ജയില്‍ മേധാവി ഒഴിഞ്ഞു

ന്യൂഡല്‍ഹി: തലസ്ഥാന ഭരണം താളംതെറ്റിക്കുന്ന ലഫ്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനെ തുടര്‍ന്ന് നിയമന പിറ്റേന്ന് തിഹാര്‍ ജയില്‍ മേധാവി സ്ഥാനമൊഴിഞ്ഞു. അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തിലെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിന്‍െറ ഡയറക്ടര്‍ ജനറലായി നിയോഗിച്ച മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജെ.കെ. ശര്‍മയാണ് ഒഴിഞ്ഞത്. തന്നോട് ആലോചിക്കാതെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അസാധുവാണെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് വ്യക്തമാക്കിയതോടെയാണ് ശര്‍മ പിന്മാറിയത്. ചുമതലയേല്‍ക്കാന്‍ ബുധനാഴ്ച ഓഫിസിലത്തെിയ അദ്ദേഹം ലഫ്. ഗവര്‍ണറുടെ നിലപാട് അറിഞ്ഞതോടെ സര്‍ക്കാറിന് കുറിപ്പ് നല്‍കി മടങ്ങുകയായിരുന്നു. ഉത്തരവിന് നിയമനാധികാരിയുടെ അംഗീകാരമില്ല എന്നറിഞ്ഞ സാഹചര്യത്തില്‍ ചുമതല മുന്‍ഗാമിക്ക് തിരിച്ചേല്‍പിക്കുകയാണെന്നും നിയമനത്തിന് അംഗീകാരം ലഭിക്കുന്നപക്ഷം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമാണെന്നും അദ്ദേഹം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. തിഹാര്‍ മേധാവിയായിരുന്ന അലോക് വര്‍മ ഡല്‍ഹി പൊലീസ് കമീഷണറായി നിയമിക്കപ്പെട്ടത് മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉള്‍പ്പെടെ ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിന് ലഭിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അധികാരമേറ്റ നാള്‍ മുതല്‍ ആവശ്യമുന്നയിക്കുന്നുണ്ട്.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം. തന്നോട് ആലോചിക്കാതെയും തന്‍െറ അനുമതി ഇല്ലാതെയും നിയമനങ്ങളോ ഭരണപരമായ ഉത്തരവുകളോ പാടില്ളെന്ന് ലഫ്. ഗവര്‍ണര്‍ പലവുരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഫ്. ഗവര്‍ണറെ വഴിവിട്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനും ഡല്‍ഹിയിലെ ഭരണം അസ്ഥിരപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് കെജ്രിവാളിന്‍െറ ആരോപണം. നേരത്തേ അഴിമതി നിരോധ വകുപ്പ് മേധാവി  നിയമനത്തെച്ചൊല്ലിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റുമുട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.