ഇ.പി.എഫ് പലിശനിരക്ക് കുറച്ചു

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കുറച്ചു. 2015-16 സാമ്പത്തികവര്‍ഷം നിക്ഷേപങ്ങള്‍ക്ക് 8.7 ശതമാനമായിരിക്കും പലിശയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ അറിയിച്ചു. എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് (സി.ബി.ടി) പലിശനിരക്ക് തീരുമാനിക്കാറ്. ഇത്തവണ ഇടക്കാല പലിശനിരക്ക് 8.8 ശതമാനമാക്കാനാണ് ഫെബ്രുവരി 16ന് ചേര്‍ന്ന യോഗത്തില്‍ സി.ബി.ടി ശിപാര്‍ശ ചെയ്തത്. എന്നാല്‍, ധനമന്ത്രാലയം പലിശ 8.7 ശതമാനമാക്കുകയായിരുന്നു. 2013-14, 2014-15 വര്‍ഷങ്ങളില്‍ 8.75 ആയിരുന്നു പലിശ. 2012-13 വര്‍ഷത്തില്‍ ഇത് 8.5 ശതമാനവും 2011-12 വര്‍ഷം 8.25 ശതമാനവുമായിരുന്നു.
കണക്കുകളനുസരിച്ച് 8.95 ശതമാനം പലിശ വരെ സുഗമമായി അനുവദിക്കാന്‍ കഴിയുന്ന സാമ്പത്തികാവസ്ഥയിലാണ് ഇ.പി.എഫ്.ഒ. ഈ സാമ്പത്തികവര്‍ഷം ഒമ്പതു ശതമാനം പലിശയാണ് ജീവനക്കാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സി.ബി.ടി ശിപാര്‍ശയും മറികടന്ന് പലിശ 8.7 ശതമാനമായി സര്‍ക്കാര്‍ നിജപ്പെടുത്തുകയായിരുന്നു. ഇടക്കാല പലിശ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം വീണ്ടും യോഗം ചേര്‍ന്ന് പലിശനിരക്ക് നിശ്ചയിക്കുമെന്ന് സി.ബി.ടി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.