അഗസ്റ്റ കോപ്ടര്‍ അഴിമതി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വിവാദമുയര്‍ത്തിയ അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ എന്നിവർക്കെതിരെ എം.എൽ ശർമ എന്ന അഭിഭാഷകനാണ് ഹരജി സമർപ്പിച്ചത്. ഇത് സംബന്ധിച്ച് കോടതി അടുത്തയാഴ്ച വാദം കേൾക്കും.

പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവിൽ 12 ഹെലികോപ്ടറുകൾ വാങ്ങുന്നതിനായി 2010ൽ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കരാർ. അഴിമതി ഉയർന്ന സാഹചര്യത്തിൽ 2014ൽ സർക്കാർ റദ്ദാക്കുകയും ചെയ്തു. യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് ഉണ്ടാക്കിയ ഹെലികോപ്ടര്‍ കരാറിനെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിൽ രാജ്യസഭയിൽ പോര് നടക്കുന്നതിനിടയിലാണ് സുപ്രീകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അഗസ്റ്റവെസ്റ്റ്ലന്‍ഡ് കമ്പനിയുടെ മാതൃസ്ഥാപനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മനാടായ ഇറ്റലിയിലുള്ള ഫിന്‍മെക്കാനിക്കയാണ്. ഇറ്റാലിയന്‍ കോടതി ഫിന്‍മെക്കാനിക്ക ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. കോപ്ടര്‍ ഇടപാടില്‍ കോഴപ്പണം മറിഞ്ഞുവെന്ന ആരോപണം നേരിടുന്ന ഫിന്‍മെക്കാനിക്ക കമ്പനി ഉദ്യോഗസ്ഥരെ വെറുതെവിട്ട നടപടി തിരുത്തിയാണ് അവര്‍ക്ക് ഇറ്റാലിയന്‍ കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കോഴ കൊടുത്ത് സ്വാധീനിക്കാന്‍ 2010ല്‍ ശ്രമം നടന്നെന്നാണ് കോടതിയുടെ കണ്ടത്തെല്‍. 3600 കോടി രൂപയുടെ കോപ്ടര്‍ ഇടപാടില്‍ 360 കോടിയുടെ കോഴപ്പണം കൈമറിഞ്ഞുവെന്നാണ് കേസ്.

അഗസ്റ്റ ഇടപാടില്‍ ഇടനിലക്കാരനായ ജെയിംസ് ക്രിസ്റ്റ്യന്‍ മൈക്കിള്‍ എഴുതിയതായി പറയുന്ന കുറിപ്പാണ് ഇപ്പോഴത്തെ വിവാദത്തിന് മറ്റൊരു വിഷയം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്വാധീനിക്കാന്‍ പാകത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ തുടങ്ങിയവരെ ഉന്നംവെച്ച് നീങ്ങാന്‍ ബ്രിട്ടീഷ് സ്ഥാനപതിയോട് ആവശ്യപ്പെടുന്നതിന് ഫിന്‍മെക്കാനിക്ക ഉദ്യോഗസ്ഥരോട് ജെയിംസ് മൈക്കിള്‍ കുറിപ്പില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, സോണിയ ഗാന്ധിയെ താന്‍ കണ്ടിട്ടില്ളെന്ന് ജെയിംസ് മൈക്കിള്‍ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കും മുന്നില്‍ ചോദ്യംചെയ്യുന്നതിന് ഹാജരാകാനുള്ള സന്നദ്ധതയും ദുബൈയിലുള്ള അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാറില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയെയും ബി.ജെ.പി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു.

എന്നാല്‍, വരള്‍ച്ചക്കെടുതിയും ഉത്തരാഖണ്ഡിലെ മന്ത്രിസഭാ അട്ടിമറിയും പോലുള്ള സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉയര്‍ത്തുന്നതിന് മറുമരുന്ന് എന്നനിലയിലാണ് കോപ്ടര്‍ ഇടപാട് ബി.ജെ.പി വിഷയമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.