ന്യൂഡല്‍ഹി: കാമ്പസില്‍ നടന്ന സാംസ്കാരിക പരിപാടിയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെ ശിക്ഷ വിധിച്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥി നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമായി. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍, ജന. സെക്രട്ടറി രാമനാഗ, ഉമര്‍ ഖാലിദ്, ശ്വേതാ രാജ്, ചിന്തു കുമാരി, അനന്ദ് പ്രകാശ് നാരായണ്‍, സബോര്‍ണി അഹ്മദ്, അഖ്സാ അസ്ഗര്‍, നിതീഷാ ഖോല്‍കര്‍, കെ. ഫയാസ് അഹ്മദ്, പ്രതിം ഘോഷാല്‍, അനന്ദ്, പന്‍ഖുരി സഹീര്‍, സമന്ദ് സിങ്, സുനൈന, ജി. സുരേഷ്, ബിരേന്ദ്ര, അവന്‍ദേശ്, സഞ്ജീവ് എന്നിവരാണ് സമരം ചെയ്യുന്നത്. അവധിക്കാലത്ത് ശിക്ഷ പ്രഖ്യാപിച്ച് രക്ഷപ്പെടാമെന്നത് അധികൃതരുടെ വ്യാമോഹമാണെന്നും പോരാട്ടങ്ങള്‍ക്ക് അവധിക്കാലമില്ളെന്നും സമരത്തിനു മുന്നോടിയായി വിദ്യാര്‍ഥികളെ സംബോധന ചെയ്ത ഉമര്‍ ഖാലിദ് പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നായിരുന്നു മുമ്പ് തങ്ങള്‍ക്കെതിരായ ആരോപണം. എന്നാല്‍, ശിക്ഷാ നടപടിക്കിരയായ വിദ്യാര്‍ഥികളാരും അതു ചെയ്തിട്ടില്ളെന്നും ആരോപണത്തിന് ഉപയോഗിച്ച വിഡിയോ വ്യാജനിര്‍മിതിയാണെന്നും ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ടു നല്‍കിയിട്ടും അതിന് വാഴ്സിറ്റി അധികൃതര്‍ വിലകല്‍പിക്കുന്നില്ല. പ്രശ്നമുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ത്തുന്നത്. ഗുജറാത്തിലെ കലാപകാരികള്‍ക്ക് ഒരു അവസരംകൂടി നല്‍കണമെന്നും വെടിയുണ്ടകൊണ്ട് ആരതി നടത്തുമെന്നും കാമ്പസില്‍ മുദ്രാവാക്യം മുഴക്കിയ ആര്‍ക്കുമെതിരെയും വാഴ്സിറ്റി ഒരു നടപടിയും സ്വീകരിക്കുന്നില്ല. പതിനായിരങ്ങള്‍ പിഴയിട്ടതല്ല പ്രശ്നം. ഒരു രൂപയാണ് പിഴയെങ്കില്‍ പോലും അന്യായ ശിക്ഷാ നടപടിയെ അംഗീകരിക്കാനോ പിഴ നല്‍കാനോ തയാറല്ളെന്നും അത് വിദ്യാര്‍ഥി സമൂഹത്തിനും, അന്യായത്തെ ചോദ്യംചെയ്തും വേദനിക്കുന്നവര്‍ക്കൊപ്പം നിന്നും മുന്നേറിയ ജെ.എന്‍.യുവിന്‍െറ ചരിത്രത്തിനും എതിരാണെന്നും ഉമര്‍ പറഞ്ഞു.
അതിനിടെ പുറത്താക്കല്‍ ശിക്ഷ വിധിക്കപ്പെട്ട അനിര്‍ബന്‍ ഭട്ടാചാര്യക്ക് അധികൃതര്‍ വീണ്ടും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഡല്‍ഹി സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി കാമ്പസില്‍ നടത്തിയ മുസഫര്‍ നഗര്‍ ബാക്കി ഹെ എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം അനുമതിയില്ലാതെ കണ്ടു എന്നു കാണിച്ച് 2015 ആഗസ്റ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. മേയ് നാലിന് പ്രോക്ടര്‍ക്കു മുന്നില്‍ തന്‍െറ ഭാഗം വിശദീകരിക്കാനാണ് നിര്‍ദേശം. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ പുറത്താക്കലിനും മരണത്തിനും വഴിയൊരുക്കിയതും ഇതേ ഡോക്യുമെന്‍ററി പ്രദര്‍ശനം സംഘടിപ്പിച്ചു എന്ന പേരില്‍ എ.ബി.വി.പി നല്‍കിയ പരാതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.