പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴുമുതല്‍ ഒമ്പതുവരെ ബംഗളൂരുവില്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്ന് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവും തുടങ്ങി. 2015ലെ ഗുജറാത്ത് പ്രവാസി സമ്മേളനത്തിനുശേഷം വിപുല പരിപാടികള്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സമ്മേളനം ഇല്ലാത്ത വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് വിപുല ചര്‍ച്ച നടത്താനും തീരുമാനിച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപഴകല്‍ പുനര്‍നിര്‍വചിക്കുന്നതിലാണ് ബംഗളൂരു പ്രവാസി സമ്മേളനം കേന്ദ്രീകരിക്കുകയെന്ന് മന്ത്രി സുഷമാ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ പ്രവാസി സമ്മേളനങ്ങള്‍ പ്രത്യേക ലക്ഷ്യബോധമില്ലാതെ, ആള്‍ക്കൂട്ടത്തിന്‍െറ ഉത്സവമായിരുന്നുവെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
സെല്‍ഫിയെടുക്കുക, സദ്യ കഴിക്കുക തുടങ്ങിയ പതിവുകളാണ് അരങ്ങേറിയത്.
പ്രവാസികള്‍ക്ക് ഗുണപരമായി ഒന്നുംചെയ്യാന്‍ പറ്റിയില്ല. അതില്‍നിന്ന് വ്യത്യസ്തമായി, വ്യക്തമായ കര്‍മപരിപാടികള്‍ ഇത്തവണയുണ്ടാവും.
പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇക്കുറി ഇന്ത്യക്കാര്‍ക്ക് 100 ഡോളറും വിദേശികള്‍ക്ക് 250 ഡോളറുമാണ് രജിസ്ട്രേഷന്‍ ഫീസ്. ജനുവരി ഏഴിന് യുവജന പ്രവാസി സമ്മേളനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ യഥാക്രമം 50 ഡോളര്‍, 100 ഡോളര്‍ എന്നിങ്ങനെയാണ് ഫീസ്. ഡിസംബര്‍ ഏഴുവരെ രജിസ്റ്റര്‍ ചെയ്യാം. ലോഗോ തയാറാക്കിയ ദേബാശിഷ് സര്‍ക്കാറിനെ വിദേശകാര്യമന്ത്രി ആദരിച്ചു. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.