ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാറിന്‍െറ വീഴ്ചക്ക് കാരണമായ സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധമായിരുന്നെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. നടപടിക്രമങ്ങളം ചട്ടങ്ങളും പാലിക്കാതെ ടാറ്റക്ക് നാനോ കാര്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കിയ ജസ്റ്റിസുമാരായ വി.ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് 12 ആഴ്ചക്കകം ഭൂമി തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. പത്തുവര്‍ഷം കൃഷി ചെയ്യാത്തതിനാല്‍ നഷ്ടപരിഹാര തുക കിട്ടിയവര്‍ തിരിച്ചുനല്‍കേണ്ടെന്നും കിട്ടാത്തവര്‍ക്ക് അത് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
2006ല്‍ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെ 997.11 ഏക്കര്‍ ഭൂമി ഏറ്റെടുത്ത നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, ടാറ്റക്ക് അനുകൂലമായി 2008ല്‍ കൊല്‍ക്കത്ത ഹൈകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കി. മന്ത്രിസഭാ രേഖകള്‍, ഇടതുസര്‍ക്കാറും ടാറ്റയും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങള്‍, ഭൂമി ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം എന്നിവ പരിശോധിച്ചാണ് ബംഗാളിലെ മുന്‍ ഇടതു സര്‍ക്കാറിന്‍െറ വിവാദ തീരുമാനം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്.
ഒരു സ്വകാര്യ കമ്പനിക്കുള്ള ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തത് അനുചിതമാണെന്നും അതിനാല്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കുകയാണെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ചട്ടങ്ങള്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നില്ല. വികസനത്തിന് വേഗം വര്‍ധിച്ച ഒരു കാലത്ത് സംസ്ഥാന സര്‍ക്കാറിന് വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നത് മനസ്സിലാക്കാനാവുന്നതാണ്. എന്നാല്‍, ഈ വികസനത്തിന്‍െറ ആഘാതം സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ ഏല്‍ക്കേണ്ടിവരുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ നിയമപരമായ നടപടിക്രമങ്ങളും ചട്ടങ്ങളും കരുതലോടെ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്. അങ്ങനെയല്ളെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപരമായി അസാധുവായിരിക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുകയെന്നത് സംസ്ഥാന സര്‍ക്കാറിന്‍െറ കേവലം ചടങ്ങായി കാണാനാവില്ളെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
മാപ്പു പറയില്ലെന്ന് സി.പി.എം
കൊല്‍ക്കത്ത: ടാറ്റക്കുവേണ്ടി കര്‍ഷകരെ ബലം പ്രയോഗിച്ച് കുടിയിറക്കി ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയെങ്കിലും മാപ്പു പറയില്ളെന്ന് സി.പി.എം. ഇത് മാപ്പു പറയേണ്ട വിഷയമല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യത്തിന് വിരുദ്ധമായി ഭൂമി ഏറ്റെടുക്കില്ളെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് സിംഗൂരില്‍ അന്ന് ഭൂമി ഏറ്റെടുത്തത്. 2011ല്‍ മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കണമെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് സി.പി.എം അവരോട് പറഞ്ഞത്. ഭൂമി തിരിച്ചു നല്‍കുന്നതിനെ പാര്‍ട്ടി ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല -മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.