പത്താൻകോട്ട് ആക്രമണം; എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്നറിയാതെ അധികൃതർ

ന്യൂഡൽഹി: കഴിഞ്ഞ മാസം പത്താൻകോട്ട് വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്കും കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം നാലാണോ ആറാണോ എന്നതിനെക്കുറിച്ച് കൃത്യമായി ധാരണയില്ല.

വ്യോമത്താവളത്തിൽ അതിക്രമിച്ച് കയറിയ നാല്പേരെ സൈന്യം ആദ്യമേ വധിച്ചിരുന്നു. വ്യോമതാവളത്തിലെ ഇരുനിലക്കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന അനുമാനത്തെ തുടർന്ന് കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ഇവിടെ എത്ര ഭീകരർ ഒളിച്ചിരുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നില്ല. ഓപറേഷനിടക്ക് കെട്ടിടം പൂർണമായും നശിപ്പിച്ചിരുന്നു. കെട്ടിടത്തിനകത്ത് നിന്നും ലഭിക്കുന്ന ചാരത്തിൽ നിന്ന് മാത്രമേ എത്രപേർ അകത്തുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്താനാവൂ. ഇതിനായി ഫോറൻസിക് ഫലം കാത്തിരിക്കുകയാണ് അധികൃതർ. കെട്ടിടത്തിലെ ചാരത്തിൽ മനുഷ്യന്‍റെ ഡി.എൻ.എ സാന്നിധ്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളുണ്ടാകുമോ എന്നാണ് ഉദ്യോഗസ്ഥർ ഉറ്റുനോക്കുന്നത്.

എന്നാൽ, കെട്ടിടത്തിന്‍റെ ചാരത്തിൽ നിന്നും വസ്ത്രത്തിന്‍റെ അവശിഷ്ടങ്ങളൊന്നും ലഭിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. മരിച്ച് വീണ ഭീകരരുടെ മൃതദേഹങ്ങളുടെ അടിഭാഗത്ത് നിന്ന് കത്തിനശിക്കാത്ത വസ്ത്രവശിഷ്ടങ്ങൾ ലഭിക്കേണ്ടതാണ്. സംഭവസ്ഥലം വൃത്തിയാക്കുന്നതിനിടെ കട്ടിയുള്ള ബെഡ്ഷീറ്റുകളുടേയും മറ്റും അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട നാല് ഭീകരർ ധരിച്ചിരുന്നത് പോലുള്ള കട്ടിയുള്ള സൈനിക യൂണിഫോമിന്‍റെ ഭാഗങ്ങൾ ലഭിക്കാത്തതും സംശയത്തിനിട നൽകുന്നുണ്ട്.

ഫോറൻസിക് ഫലം ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസമയം, നാല് ഭീകരർ മാത്രമാണോ ആക്രമണം നടത്തിയതെന്ന കാര്യത്തെക്കുറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ അന്വേഷണ ഏജൻസി അധികൃതർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.