ഭരണഘടനാ പദവിയിലുള്ളവര്‍ ഭരണഘടനയുടെ മഹത്ത്വം കാക്കണം –രാഷ്ട്രപതി

ന്യൂഡല്‍ഹി: ഭരണഘടനാപദവി വഹിക്കുന്നവര്‍ ഭരണഘടനയുടെ മഹത്ത്വം കാക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പല ഗവര്‍ണര്‍മാരുടെയും രാഷ്ട്രീയ ഇടപെടല്‍ വിവാദമായതിനിടയിലാണ് രാഷ്ട്രപതിയുടെ ആഹ്വാനം. ഗവര്‍ണര്‍മാരുടെ 47ാമത് സമ്മേളനം രാഷ്ട്രപതി ഭവനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പ്രണബ്മുഖര്‍ജി. ഭരണഘടന കാത്തുസൂക്ഷിക്കുന്ന തത്ത്വങ്ങള്‍ ഉറച്ചമനസ്സോടെ പിന്തുടരാന്‍ ഭരണഘടനാപദവികളിലിരിക്കുന്നവര്‍ ബാധ്യസ്ഥരാണ്. ഭരണഘടനയില്‍ വിഭാവനംചെയ്ത പ്രമാണങ്ങളില്‍ മുറുകെ പിടിച്ചതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം വളര്‍ന്നത്. ആഗോള സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാവ്യതിയാനം, സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയവയൊക്കെ രാജ്യം നേരിട്ടു. പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ്. അതോടൊപ്പം എല്ലാ അന്താരാഷ്ട്ര വിഷയങ്ങള്‍ക്കുംസമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടത്തെണം.
രണ്ടു പ്രാവശ്യം തുടര്‍ച്ചയായി കാലവര്‍ഷം  തെറ്റിയതിനാല്‍ രാജ്യം വരള്‍ച്ചയുടെ ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൃഷിക്കാരുടെ ദുരിതങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണം. 2015 ഏറ്റവുംചൂടേറിയ വര്‍ഷമായി പ്രഖ്യാപിച്ച കാര്യം രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
അതുകൊണ്ടാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയരൂപവത്കരണത്തില്‍ മുഖ്യസ്ഥാനം കൈവന്നത്. പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ നാശനഷ്ടങ്ങള്‍ പരമാവധി കുറക്കാന്‍ ദുരന്തനിവാരണസംവിധാനങ്ങള്‍ സുസജ്ജമാക്കണമെന്നും ദുരിതബാധിതര്‍ക്ക് എത്രയും പെട്ടെന്ന് സഹായമത്തെിക്കാന്‍ കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു. 23 ഗവര്‍ണര്‍മാര്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍  ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ മന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.