സ്വകാര്യസ്ഥാപനങ്ങളിലും പിന്നാക്കക്കാര്‍ക്ക് സംവരണത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി:  പിന്നാക്കവിഭാഗങ്ങള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളിലും തൊഴില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍. ഏറെക്കാലമായി ഉയരുന്ന ഈ ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ നിയമനിര്‍മാണം വേണമെന്നും കമീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.  സഹകരണ മേഖലയും സന്നദ്ധ-ജീവകാരുണ്യ സംഘടനകളും ഉള്‍പ്പെടെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെല്ലാം 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി. ഈശ്വരയ്യ അധ്യക്ഷനായ കമീഷന്‍ സാമൂഹികനീതി മന്ത്രാലയത്തിനും പേഴ്സനല്‍ മന്ത്രാലയത്തിനുമാണ് ശിപാര്‍ശ നല്‍കിയത്.
പട്ടിക ജാതി-വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കുപുറമെ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് കമീഷന്‍ നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍സാധ്യതകള്‍ കുറഞ്ഞുവരവെ പാര്‍ശ്വവത്കൃത സമൂഹങ്ങളെ ശാക്തീകരിക്കേണ്ടത് സ്വകാര്യമേഖലയുടെ കടമയാണെന്ന് കമീഷന്‍ അംഗം ഷഖീലുസ്സമാന്‍ അന്‍സാരി അഭിപ്രായപ്പെട്ടു.
ഒരു പതിറ്റാണ്ടായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാളേറെ തൊഴിലവസരങ്ങള്‍ സ്വകാര്യ മേഖലയിലാണുള്ളത്. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി മുന്‍ സര്‍ക്കാറുകള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ സ്വകാര്യമേഖല പാലിക്കുന്നില്ല. ശിപാര്‍ശ നടപ്പാക്കപ്പെട്ടാല്‍ നിലവില്‍ സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്നുനില്‍ക്കുന്നവരും രാഷ്ട്രീയസ്വാധീനമുള്ളവരും കൈയടക്കിവെച്ചിരിക്കുന്ന ഉദ്യോഗമേഖലകളിലേക്ക് പിന്നാക്ക സമൂഹങ്ങള്‍ക്കും പ്രവേശം ലഭിക്കും. രാജ്യത്ത് വന്‍ പരിവര്‍ത്തനങ്ങള്‍ക്കും വഴിയൊരുങ്ങും.
ജോലിക്ക് അപേക്ഷിച്ചവര്‍ യോഗ്യരെങ്കില്‍പോലും ജാതിയും മതവും നോക്കിയാണ് പല സ്വകാര്യ കമ്പനികളും ജീവനക്കാരെ നിയമിക്കുന്നത്. ജോലിക്കപേക്ഷിച്ച ഒരേ യോഗ്യതയുള്ള  ഉദ്യോഗാര്‍ഥികളില്‍ നിന്ന് മുസ്ലിംകളെയും ദലിതുകളെയും തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്ന സംഭവങ്ങളും നിരവധിയുണ്ട്.
നിയമനിര്‍മാണംവന്നാല്‍ ഇത്തരം പ്രവണതകള്‍ തടയപ്പെടും. പിന്നാക്ക ജാതി സംവരണം നിര്‍ത്തലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാറില്‍ മേല്‍ക്കൈയുള്ള ആര്‍.എസ്.എസിന്‍െറ നിലപാട്. സംഘ് മേധാവി മോഹന്‍ ഭാഗവത് ഈ ആവശ്യം തുറന്നുപറഞ്ഞത് വിമര്‍ശത്തിനും രാഷ്ട്രീയ തിരിച്ചടികള്‍ക്കും ഇടവരുത്തിയതോടെ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍, പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നേതാവായ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ സ്വകാര്യമേഖലയില്‍ സംവരണം വേണമെന്ന ആവശ്യം ഈയിടെയും ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കളും ഈ ആവശ്യത്തെ പിന്താങ്ങുന്നുണ്ട്. സര്‍ക്കാറില്‍നിന്ന് വന്‍തോതില്‍ ആനുകൂല്യങ്ങള്‍ പറ്റുന്ന സ്വകാര്യ കമ്പനികള്‍ രാജ്യത്തെ പിന്നാക്ക സമൂഹത്തെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കാന്‍ താല്‍പര്യമെടുക്കാത്തതും കമീഷന്‍ വിമര്‍ശാത്മകമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.