ന്യൂഡൽഹി: രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ദേശീയപാത 766 പൂർണമായും അടക്കണമെന്ന് കർണാടക. സുപ്രീംകോടതിയിലാണ് കർണാടക ഇതുസംബന്ധിച്ച് സത്യവാങ്മൂലം നൽകിയത്. സംസ്ഥാനത്തിന് വേണ്ടി ബന്ദിപ്പൂർ കടുവ സങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ്. പ്രഭാകരനാണ് സത്യവാങ്മൂലം സമർപ്പിച്ചത്.കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി സ്വദേശി പോൾ മാത്യൂസ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് കർണാടക നിലപാട് അറിയിച്ചത്.
രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ദേശീയപാത 766ൽ ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ ഉൾമേഖലയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് ബദലായ കുട്ട-ഗോണിക്കുപ്പ വഴിയുള്ള എസ്.എച്ച് 88 പാത 75 കോടി മുടക്കി നവീകരിച്ചിട്ടുണ്ടെന്നും. രാത്രിയും പകലും ഇതുവഴി വാഹനങ്ങൾ ഓടിക്കാമെന്നും സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ പറയുന്നു.
ദേശീയപാത 766ൽ കേരള അതിർത്തി മുതൽ ഗുണ്ടൽപേട്ടിലെ മദൂർ വരെ ബന്ദിപ്പൂർ വനമേഖലയിലെ 19.5 കിലോ മീറ്റർ ദൂരത്തിലാണ് രാത്രിയാത്ര നിരോധനം നിലനിൽക്കുന്നത്. 2009 മേയ് 27നാണ് ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്ര നിരോധിച്ചത്. സുപ്രീംകോടതി ഈ കേസ് കഴിഞ്ഞ 15 വർഷമായി പരിഗണിച്ച് വരികയാണ്.
അതേസമയം, രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ദേശീയപാത 766 പൂർണമായും അടക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രായോഗികമല്ലാത്ത കർണാടക സർക്കാറിന്റെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ലെന്നും അവരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.