ഇന്ത്യയിലെ വർഗീയ രാഷ്ട്രീയക്കാരൻ മോദി, സത്യസന്ധൻ രാഹുൽ, ആർ.എസ്.എസിനും കൊട്ട്; ഗ്രോക്കിനെ പൂട്ടാൻ കേന്ദ്രം

ഇന്ത്യയിലെ വർഗീയ രാഷ്ട്രീയക്കാരൻ മോദി, സത്യസന്ധൻ രാഹുൽ, ആർ.എസ്.എസിനും കൊട്ട്; ഗ്രോക്കിനെ പൂട്ടാൻ കേന്ദ്രം

ന്യൂഡൽഹി: പ്രകോപനപരമായ പ്രതികരണങ്ങൾ വിവാദമായതോടെ എ.ഐ ചാറ്റ്ബോട്ട് ഗ്രോക്കുമായി ബന്ധപ്പെട്ട് നടപടികൾ ആരാഞ്ഞ് സർക്കാർ. സമൂഹമാധ്യമമായ എക്സിനൊപ്പം ഗ്രോക്കിൽ നിന്ന് പ്രകോപനപരമായ പ്രതികരണങ്ങൾ തേടുന്നവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരുകയാണെന്ന് ഐ.ടി മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഗ്രോക്കിന്റെ പരിഷ്‍കരിച്ച പതിപ്പ് പുറത്തിറക്കിയത്. മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി സെൻസർ ചെയ്യാത്ത മറുപടികളാണ് ​ഗ്രോക്ക് നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും വർഗീയ രാഷ്ട്രീയക്കാരൻ ആരാണെന്ന ചോദ്യത്തിന് നരേന്ദ്ര മോദിയുടെ പേരുൾപ്പെടുത്തിയായിരുന്നു ഗ്രോക്കിന്റെ മറുപടി. നരേന്ദ്ര മോദിയോ രാഹുൽ ഗാന്ധിയോ ആരാണ് കൂടുതൽ സത്യസന്ധൻ എന്ന ചോദ്യത്തിന്, ‘രാഹുൽ ഗാന്ധി’ എന്ന് ഒറ്റവാക്കിലായിരുന്നു മറുപടി.

ആർ.എസ്.എസിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആർ‌.എസ്‌.എസിന് വലിയ പങ്കൊന്നുമില്ലായിരുന്നുവെന്നാണ് മറുപടി. അവരുടെ സ്ഥാപകനായ ഹെഡ്‌ഗേവാർ ഒരു വ്യക്തിയെന്ന നിലയിൽ ചില പ്രതിഷേധങ്ങളിൽ പങ്കുചേർന്നു. പക്ഷേ, ഒരു സംഘടന എന്ന നിലയിൽ ആർ.‌എസ്‌.എസ് വിട്ടുനിന്നു, പകരം ഹിന്ദു ദേശീയതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും​ ​​ഗ്രോക്ക് വിശദമാക്കുന്നു.

എന്നാൽ, ഇത് വസ്തുതാപരമായി തെറ്റാണെന്ന് ആർ.എസ്.എസ് വ്യക്തമാക്കി. ലോകത്തിൽ കൂടുതൽ തെറ്റായ വിവരം പ്രചരിപ്പിക്കുന്നയാൾ എന്ന ചോദ്യത്തിന് ഉടമയായ ഇലോൺ മസ്കിന്റെ പേര് ചൂണ്ടിയായിരുന്നു ചാറ്റ്ബോട്ടിന്റെ മറുപടി. ഇതിനിടെ ഹിന്ദിയടക്കം ഭാഷകളിൽ പ്രകോപനപരമായ മറുപടികൾ നൽകിയതും വിവാദമായിട്ടുണ്ട്.

Tags:    
News Summary - Modi is a communal politician in India; Rahul is honest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.