ന്യൂഡല്‍ഹി: അഴിമതി, പെരുമാറ്റദൂഷ്യ ആരോപണങ്ങള്‍ നേരിടുന്ന ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം ശിപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം. മദ്രാസ്, കര്‍ണാടക, അലഹബാദ്, ഡല്‍ഹി തുടങ്ങിയ ഹൈകോടതികളിലെ ജഡ്ജിമാരെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റണമെന്നാണ് ഫെബ്രുവരി 11ന് നടന്ന കൊളീജിയം യോഗം ശിപാര്‍ശ ചെയ്തത്. അഴിമതി, സ്വജനപക്ഷപാതം, കാര്യക്ഷമതയില്ലായ്മ, പെരുമാറ്റദൂഷ്യം എന്നീ ആരോപണങ്ങള്‍ നേരിടുന്ന ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കാനാണ് യോഗതീരുമാനം.
ജസ്റ്റിസുമാരായ ആര്‍. സുധാകറിനെയും സി.എസ്. കര്‍ണനെയും യഥാക്രമം ജമ്മു കശ്മീര്‍ ഹൈകോടതിയിലേക്കും കൊല്‍ക്കത്ത ഹൈകോടതിയിലേക്കും സ്ഥലംമാറ്റാനാണ് നിര്‍ദേശം. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് തുടക്കമിട്ടതിലൂടെ വിവാദനായകനായ ജഡ്ജിയാണ് കര്‍ണന്‍. നിയമമന്ത്രാലയം കൊളീജിയം ശിപാര്‍ശകളില്‍ നടപടികള്‍ കൈക്കൊള്ളും. ദേശീയ ന്യായാധിപനിയമനകമീഷനുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ കുരുങ്ങി ഹൈകോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ തുടരുകയാണ്. ഒഴിവുകളുടെ എണ്ണം 400ഓളമായി. ഹൈകോടതി ബെഞ്ചുകളിലേക്ക് നിയമിക്കുന്നതിന് അനുയോജ്യരായവരുടെ പേരുകള്‍ നിര്‍ദേശിക്കാനാവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ കത്തെഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.