ഗാന്ധിഘാതകനെ വീരനാക്കിയവർ മറ്റുള്ളവരെ രാജ്യദ്രോഹികളാക്കുന്നു -യെച്ചൂരി

തിരുവനന്തപുരം: ഗാന്ധിയെ വധിച്ച ഗോദ്സയെ വീരനാക്കിയവരാണ് മറ്റുള്ളവരെ ദേശദ്രോഹികളെന്ന് വിളിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിച്ച നവകേരള മാർച്ചിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമർശങ്ങളെ മോദി സർക്കാർ കായികമായി നേരിടുന്നതിൻെറ തെളിവാണ് എ.കെ.ജി ഭവനുനേരെയുണ്ടായ ആക്രമണം. ഭീഷണിപ്പെടുത്തുന്നവരെ രാഷ്ട്രീയപരമായി നേരിടും. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല. ഇവർ രണ്ടും പരസ്പര പൂരകങ്ങളാണ്. കോൺഗ്രസിൻെറ അഴിമതിയാണ് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചതെന്നും യെച്ചൂരി വിമർശിച്ചു.

അഭിഭാഷകരുടെ വേഷത്തിൽ ആർ.എസ്.എസുകാരാണ് പട്യാല ഹൗസ് കോടതിയിൽ ആക്രമണം നടത്തിയത്. ജെ.എൻ.യുവിനെ ദേശവിരുദ്ധമായി മുദ്രകുത്താൻ ശ്രമിക്കുകയാണ്. തങ്ങൾക്ക് ഗാന്ധിഘാതകരുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് വേണ്ട. ആധുനിക ഇന്ത്യ നിർമിക്കുന്നതിന് രക്തസാക്ഷിയായവരാണ് സി.പി.എം പ്രവർത്തകർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരും. വർഗീയതക്കെതിരെ ബദലാകാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും യെച്ചൂരി വ്യക്തമാക്കി.

ഉമ്മൻചാണ്ടി സർക്കാറിനെ അറബിക്കടലിൽ എറിയാൻ ജനം തയാറെടുത്തുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങുന്ന അവസ്ഥയിലാണ് ഉമ്മൻചാണ്ടി സർക്കാർ. സരിതയിൽ നിന്നുവരെ കൈക്കൂലി വാങ്ങി.

കേരളത്തിൽ മതനിരപേക്ഷത തകർക്കാൻ ഗൂഢശ്രമമാണ് നടക്കുന്നത്. സി.പി.എം പ്രവർത്തകർക്കെതിരെ കരുതുക്കൂട്ടിയുള്ള ആക്രമങ്ങളാണ് നടക്കുന്നത്. ആർ.എസ്.എസിനുവേണ്ടി യു.ഡി.എഫ് സർക്കാർ സഹായങ്ങൾ ചെയ്തുകൊടുക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.