പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ത്യയും നേപ്പാളും ഒമ്പതു കരാറുകളില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: വൈദ്യുതി-ഗതാഗത രംഗങ്ങളിലെ സഹകരണമടക്കം ഇന്ത്യയും നേപ്പാളും ഒമ്പത് കരാറുകളില്‍ ഒപ്പിട്ടു. ആറു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനത്തെിയ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പുവെച്ചത്.

നേപ്പാളിന്‍െറ പുതിയ ഭരണഘടനയുടെ വിജയം സമവായത്തെയും സംവാദത്തെയും ആശ്രയിച്ചായിരിക്കുമെന്നും നേപ്പാളിന്‍െറ സമാധാനത്തിനും സുസ്ഥിരതക്കും മൊത്തം വികസനത്തിനും വേണ്ടി ഇന്ത്യ നിലകൊള്ളുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയുമായുള്ള ചര്‍ച്ചക്കു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാളിലെ രാഷ്ട്രീയ സ്ഥിതിയുള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തെപ്പറ്റി ഇരു നേതാക്കളും ചര്‍ച്ചനടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി തെറ്റിദ്ധാരണകള്‍ തുടരുകയായിരുന്നുവെന്നും ഇപ്പോള്‍ അത് മാറിയെന്നും ഓലി പറഞ്ഞു.

ഇന്ത്യന്‍ അതിര്‍ത്തിപ്രദേശമായ നേപ്പാളിലെ തെരായി പ്രദേശത്തെ റോഡുകളുടെ ഭൂകമ്പാനന്തര പുനരുദ്ധാരണപ്രവര്‍ത്തനവും മറ്റു വികസനങ്ങളും നടത്തുന്നതിനായി 250 ദശലക്ഷം ഡോളറിന്‍െറ ഗ്രാന്‍റും ഒപ്പിട്ട കരാറുകളില്‍പെടുന്നു.  മുസാഫറാപൂര്‍ ധാല്‍ക്കേബാര്‍ വൈദ്യുതി സംപ്രേഷണ ലൈന്‍ പദ്ധതി ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്കു കീഴില്‍ വൈദ്യുതി വിതരണം നിലവിലെ 80 മെഗാവാട്ടില്‍നിന്ന് ഈ വര്‍ഷം ഒക്ടോബറോടെ 200 മെഗാവാട്ടായും 2017 ഡിസംബറോടെ 600 മെഗാവാട്ടായും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സംസ്കാരവും കുടുംബരീതികളും പിന്തുടരുന്ന ഇന്ത്യന്‍ വംശജരായ മദേശി സമുദായം നേപ്പാള്‍ ഭരണഘടനക്കെതിരെ രംഗത്തു വന്നത് ഇരു രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. നേപ്പാളില്‍ പുതിയ ഭരണഘടനയുടെ പ്രഖ്യാപനം ഉണ്ടാകുന്നത് പതിറ്റാണ്ടുകളായുള്ള സമരത്തിനു ശേഷമാണ്. ഇതു വലിയ നേട്ടമാണ്. ഇതിനുവേണ്ടി പ്രവര്‍ത്തിച്ച നേപ്പാളിലെ രാഷ്ട്രീയക്കാരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. പക്ഷേ, ഭരണഘടനയുടെ വിജയം സംവാദത്തെയും സമവായത്തെയും ആശ്രയിച്ചായിരിക്കും. ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ സംവാദങ്ങളിലൂടെയും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ കഴിയുമെന്ന് എനിക്ക് ശുഭപ്രതീക്ഷയുണ്ട്. ഭരണഘടനയുടെ തൃപ്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ക്ക് (ഓലി) പരിഹാരം കാണാന്‍ കഴിയുമെന്നും നേപ്പാളിനെ വികസനത്തിന്‍െറ പാതയിലും സുസ്ഥിരതയിലും മുന്നോട്ട് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നും ഓലിയുടെ സാന്നിധ്യത്തില്‍ മോദി പത്രപ്രസ്താവനയില്‍ പറഞ്ഞു.

നേപ്പാളിന്‍െറ സുസ്ഥിരതയും സമാധാനവും അഭിവൃദ്ധിയും ഇന്ത്യയുടെയും ആവശ്യമാണെന്നും എല്ലാ മേഖലയിലെയും വികസനത്തിനുവേണ്ട സാധ്യമായ മുഴുവന്‍ സഹായവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികളെയും കുറ്റവാളികളെയും നമ്മുടെ തുറന്ന അതിര്‍ത്തി ഉപയോഗപ്പെടുത്താന്‍ അനുവദിക്കുകയില്ളെന്നും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജന്‍സികള്‍ പരസ്പര സഹായം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.