ന്യൂഡൽഹി: സി.പി.ഐ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എ.ബി ബര്‍ദൻ (92 ) അന്തരിച്ചു. ഡല്‍ഹി ജെ.ബി പന്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഡിസംബർ ഏഴിന്ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിെൻറ നില ഗുരുതരമായി തുടരുകയായിരുന്നു. രാത്രി 8.15നാണ് അന്ത്യം. മൃതദേഹം ഞായറാഴ്ച സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍. 1996 മുതല്‍ 16 വര്‍ഷം സി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി ചുമതല വഹിച്ച ബര്‍ദന്‍ പ്രായാധിക്യം മുന്‍നിര്‍ത്തി 2012ലാണ് സ്ഥാനമൊഴിഞ്ഞത്.
നിലവിൽ ബംഗ്ളാദേശിെൻറ ഭാഗമായ സില്‍ഹെത്തില്‍ 1925 സെപ്തംബര്‍ 25നാണ് അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ.ബി ബര്‍ദെൻറ ജനനം. ഉന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ബര്‍ദെൻറ കുടുംബം നാഗ്പൂരിലെത്തി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ 1940 ൽ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവേശം. പാർട്ടി പ്രവർത്തനത്തെ കുടുംബം എതിർത്തപ്പോൾ വീടുവിട്ടിറങ്ങി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും പഠിച്ച ബർദൻ സര്‍വകലാശാല യൂണിയന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 45 ൽ എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറിയായി.
പിന്നീട് പ്രവർത്തന രംഗം ട്രേഡ് യൂണിയന്‍ മേഖലയിലേക്ക് മാറ്റി. ടെക്സ്റ്റൈൽ, ഖനി, വൈദ്യുതി മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1957-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂർ സിറ്റി മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1964 ലെ പിളർപ്പിന് ശേഷം പാർട്ടി ദേശീയ കൗൺസിലിൽ അംഗമായി. 1978 ഭട്ടിൻഡ കോൺഗ്രസിൽ പാർട്ടി ദേശീയ എക്സിക്യുട്ടീവിൽ അംഗമായി. 1967, 80 വര്‍ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റു. 1995 ൽ സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ൽ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോൾ പാർട്ടി സെക്രട്ടറിയുടെ ചുമതല ബർദനിൽ വന്നു ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.