ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നെന്ന്  മുന്നറിയിപ്പ്;  ജാഗ്രത ശക്തമാക്കി

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമനിലയത്തില്‍ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടു ജയ്ശെ മുഹമ്മദ് ഭീകരര്‍ തലസ്ഥാനത്തേക്ക് കടന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഭീകരാക്രമണം നടന്ന ഉടനെ വി.ഐ.പികളുടെ വാസകേന്ദ്രമായ ല്യൂട്ടന്‍സ് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പുതിയ മുന്നറിയിപ്പോടെ ഡല്‍ഹിയുടെ മറ്റു ഭാഗങ്ങളിലും മാര്‍ക്കറ്റുകളിലും കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെ വിന്യസിച്ചു. പ്രധാനറോഡുകളിലൂടെ പോകുന്ന വാഹനങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, ഡല്‍ഹി ട്രെയിനില്‍ ബോംബുവെച്ചതായി വന്ന  ഭീഷണി സന്ദേശം ആശങ്ക വര്‍ധിപ്പിച്ചു. 
ഡല്‍ഹി-കാണ്‍പുര്‍ ട്രെയിനില്‍ സ്ഫോടനമുണ്ടാകുമെന്ന് മുംബൈ തീവ്രവാദ വിരുദ്ധ സേനക്കു ലഭിച്ച സന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ലഖ്നോ-ശതാബ്ദി എക്സ്പ്രസ് ഗാസിയാബാദ് സ്റ്റേഷനില്‍ നിര്‍ത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷനിലും ഡോഗ് സ്ക്വാഡിനെ വിനിയോഗിച്ച് വ്യാപക തെരച്ചില്‍ നടത്തി. എന്നാല്‍, സംശയിക്കത്തക്കതായി ഒന്നും കണ്ടത്തെിയില്ളെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. 

പാക് പങ്ക് വ്യക്തമായാല്‍ സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കും –ബി.ജെ.പി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന്‍െറ പങ്ക് വ്യക്തമായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി നടത്തുന്ന സമാധാന ശ്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താന്‍ തീരുമാനിച്ച സംഭാഷണ ഷെഡ്യൂളുകളില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല. എന്നാല്‍, ഭീകരാക്രമണത്തില്‍ പാകിസ്താന്‍െറ പ്രതികരണത്തെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. ഭീകരാക്രമണം ഇന്തോ-പാക് ചര്‍ച്ചകളെ ഏതുരീതിയിലായിരിക്കും ബാധിക്കുകയെന്ന ചോദ്യത്തിന് ലാഹോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നില്ളേ എന്നും അതുപോലെ ഉചിത സമയത്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്നുമായിരുന്നു പാര്‍ട്ടി സെക്രട്ടറി ശ്രീകാന്ത് ശര്‍മയുടെ പ്രതികരണം.

ഇന്ത്യയുമായുള്ള സമാധാനപ്രക്രിയയില്‍ ശ്രദ്ധകേന്ദ്രീകരിക്കും –സര്‍താജ് അസീസ് 
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമാധാന പ്രക്രിയകള്‍ ഏകീകരിച്ച് ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ  വിദേശകാര്യ  ഉപദേഷ്ടാവ് സര്‍താജ് അസീസ്. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണംനടന്ന് മണിക്കൂറുകള്‍ക്കകമാണ്  സമാധാന ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്ന പ്രസ്താവനയുമായി പാകിസ്താന്‍ രംഗത്തത്തെിയത്. പത്താന്‍കോട്ടിലെ ആക്രമണത്തിനായി ഭീകരര്‍ പാകിസ്താന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലത്തെിയിരിക്കാമെന്ന സംശയം നിലനില്‍ക്കെയാണ് റേഡിയോ പാകിസ്താന് നല്‍കിയ അഭിമുഖത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മാറ്റമില്ളെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മുമ്പ് തീരുമാനിച്ചതുപോലെ ഇന്ത്യ-പാക് വിദേശ സെക്രട്ടറിമാര്‍ ജനുവരി 15ന് ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തുമെന്നും  അദ്ദേഹം പറഞ്ഞു. അടുത്ത ആറുമാസത്തേക്കുള്ള ചര്‍ച്ചകള്‍ക്കുള്ള രൂപരേഖ ഇതില്‍ തീരുമാനിക്കും. കശ്മീര്‍, സിയാച്ചിന്‍ തുടങ്ങി വിഷയങ്ങളും ചര്‍ച്ചയാകും. ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പ്രകടമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും സര്‍താജ് അസീസ് പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.