കെജ്രിവാളിനെയും നിതീഷ് കുമാറിനെയും പോലുളളവരാണ് യഥാര്‍ഥ ഭീഷണി -സാക്ഷി മഹാരാജ്

ലഖ്നോ: മുസ്ലിംകളല്ല, കെജ്രിവാളിനെയും നിതീഷ് കുമാറിനെയും മുലായം സിങ്ങിനെയും പോലുള്ള വ്യാജ മുസ്ലിംകളാണ് യഥാര്‍ഥ ഭീഷണിയെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ശാനി ധാം ക്ഷേത്രം സംഘടിപ്പിച്ച മൂന്നാമത് സന്‍ത് സമാഗമത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ലോകത്തെവിടെയെങ്കിലും മുസ്ലിംകള്‍ സുരക്ഷിതരായി കഴിയുന്നുണ്ടെങ്കില്‍ അത് ഇന്ത്യയിലാണ്. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ മുസ്ലിംകളാണ്. പ്രധാനമന്ത്രി നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പ്രതിപക്ഷത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്‍റില്‍ വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രതിപക്ഷം തടസ്സം സൃഷ്ടിക്കുന്നത്. പാകിസ്താനുമായി പ്രധാനമന്ത്രി സംസാരിച്ചാല്‍ കുറ്റപ്പെടുത്തുന്നവര്‍ പാകിസ്താനുമായി സംസാരിച്ചില്ളെങ്കില്‍ അതിനെയും കുറ്റപ്പെടുത്തും. അസഹിഷ്ണുതയുടെ പേരില്‍ ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ചവര്‍ ബിഹാര്‍ തെരഞ്ഞെടുപ്പിനു ശേഷം നിശ്ശബ്ദരാണ്. രാമക്ഷേത്രം നിര്‍മിക്കുന്നതിനെ അനുകൂലിച്ച് അയോധ്യയിലെ ഒരു ലക്ഷം മുസ്ലിംകള്‍ ഒപ്പുവെച്ചതായും സാക്ഷി മഹാരാജ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.