അജ്ഞാത മൃതദേഹങ്ങളുടെ കാവലാള്‍ അത്താ മുഹമ്മദ് അന്തരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ നിരവധി പേരുടെ ശവക്കല്ലറകള്‍ കണ്ടത്തൊന്‍ സഹായിച്ച അത്താ മുഹമ്മദ് (75) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ശ്രീനഗറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഉറി സ്വദേശിയാണ് മുഹമ്മദ്. 26 വര്‍ഷത്തിനിടെ സൈനിക നടപടികളില്‍ കാണാതായവരുടെ 235 ജീര്‍ണിച്ചതും ക്ഷതമേറ്റതുമായ മൃതദേഹങ്ങള്‍ ഇദ്ദേഹം അടക്കംചെയ്തിരുന്നു.
കാണാതായവരില്‍ അധികവും സുരക്ഷാസേന തീവ്രവാദികളെന്ന പേരില്‍ കസ്റ്റഡിയില്‍ എടുത്തവരാണ്. പിന്നീട് ഏറ്റുമുട്ടലില്‍ മരിച്ചുവെന്നുപറഞ്ഞ് ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങളാണ് കര്‍ഷകനായ മുഹമ്മദ് തിരഞ്ഞുപിടിച്ച് അടക്കംചെയ്തിരുന്നത്. മുഹമ്മദിന് ലഭിച്ച മൃതദേഹങ്ങളില്‍ ആറുമാസം പ്രായമായ ഒരു പെണ്‍കുട്ടിയുടേതുമുണ്ടായിരുന്നു. മൃതദേഹങ്ങള്‍ക്കൊപ്പമുള്ള സാധനങ്ങള്‍ ശേഖരിച്ച് മുഹമ്മദ് ഗ്രാമീണരുടെ സഹായത്തോടെ മരിച്ച നിരവധി പേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. തിരിച്ചറിഞ്ഞശേഷവും മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
താഴ്വരയിലെ അജ്ഞാതമായ ശവക്കല്ലറകള്‍ തിരിച്ചറിയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നെന്നും സൈനിക അടിച്ചമര്‍ത്തലുകളുടെ സമ്മര്‍ദങ്ങള്‍ക്കിടയിലും സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ധീരനായ കശ്മീരിയായിരുന്നെന്നും കാണാതായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ എ.പി.ഡി.പിയുടെ ഒൗദ്യോഗിക വക്താവ് പറഞ്ഞു. ജമ്മുവിലെ ബാരാമുല്ല, കുപ്വാര, ബന്ദിപുര, പൂഞ്ച്, റജൗരി ജില്ലകളില്‍ 7000ത്തോളം അജ്ഞാത ശവക്കല്ലറകളുണ്ടെന്ന് എ.പി.ഡി.പി കണ്ടത്തെിയിട്ടുണ്ട്. ഇവിടെ അടക്കംചെയ്യപ്പെട്ടവരെക്കുറിച്ച് സര്‍ക്കാറിന്‍െറ പക്കല്‍ വിവരങ്ങളൊന്നുമില്ല.
ഹൃദയ, വൃക്ക രോഗബാധിതനായിരുന്നു അത്താ മുഹമ്മദ് എന്ന് മകന്‍ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.