ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം: ഹരജിക്കാരൻ പിന്മാറിയാലും കേസ് തുടരും -സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശ വിഷയത്തിൽ ഹരജി സമർപ്പിച്ച ആൾ പിന്മാറിയാലും കേസ് തുടരുമെന്ന് സുപ്രീംകോടതി. ഹരജിക്കാരനും അഭിഭാഷക സംഘടന ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്‍റുമായ നൗഷാദ് അഹമ്മദ് ഖാന് ഭീഷണി സന്ദേശം ലഭിച്ചെന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വധഭീഷണി അടക്കമുള്ള 500ലധികം സന്ദേശങ്ങളാണ് ഫോൺ, ഇമെയിൽ, സാമൂഹ്യ മാധ്യമങ്ങൾ വഴി ഹരജിക്കാരന് ലഭിച്ചതെന്ന് ബാർ അസോസിയേഷൻ കോടതിയെ അറിയിച്ചു.

ഹൈന്ദവ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചതെന്നായിരുന്നു നൗഷാദ് ഖാന് ലഭിച്ച ഭീഷണി സന്ദേശം. ഇതിനു പിന്നിലെ ലക്ഷ്യങ്ങൾ വ്യത്യസ്ഥമാണ്. ഹരജിയിൽ നിന്ന് പിന്മാറണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തിയവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അഭിഭാഷക സംഘടന കോടതിയിൽ ആവശ്യപ്പെട്ടു.

ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയ വിഷയം ഗൗരവതരമാണ്. കേസിൽ നിന്ന് ഹരജിക്കാരൻ പിന്മാറുന്ന സാഹചര്യം ഉണ്ടായാൽ പകരം അമിക്കസ് ക്യൂറിയെ നിയോഗിച്ചു കൊണ്ട് കേസ് തുടരുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.

സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച വിശ്വാസപരമായ കാര്യങ്ങളല്ല കോടതി പരിശോധിക്കുന്നത്. അതിനുപരിയായി ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന് ചോദിച്ച സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജി ഭരണഘടനാനുസൃതമായി തീര്‍പ്പാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത് ഭരണഘടനാ ലംഘനമാണെന്നു കാണിച്ച് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ അഭിപ്രായ പ്രകടനം. 1991ല്‍ ഹൈകോടതി സ്ത്രീകളുടെ ശബരിമല പ്രവേശത്തിനെതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് കേരളത്തിലെ യങ് ലോയേഴ്സ് അസോസിയേഷന്‍റെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.