ചെന്നൈ: തമിഴ്നാട്ടിൽ ഇടവേളക്ക് ശേഷം വീണ്ടും സർക്കാർ -ഗവർണർ പോര്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ എതിർപ്പ് വകവെക്കാതെ ചെന്നൈയിൽ സംഘടിപ്പിച്ച ദൂരദർശന്‍ ഹിന്ദി ഭാഷാ മാസാചരണ ചടങ്ങിനു പിന്നാലെയാണ് പുതിയ വിവാദം. ചടങ്ങിൽ തമിഴ് തായ്‍വാഴ്ത്തെന്ന ഔദ്യോഗിക സംസ്ഥാന ഗാനത്തിൽ ഒരു വരി ഒഴിവാക്കിയതോടെയാണ് വിവാദമുയർന്നത്. തമിഴ്നാടിനെ അപമാനിക്കാൻ ഗവർണരുടെ ആളുകൾ കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്ന് ഡി.എം.കെ ആരോപിച്ചു. തമിഴ്നാടിനെയും തമിഴ് ഭാഷയെയും അപമാനിക്കുന്ന ഒരാൾ ഗവർണർ പദവിക്ക് യോഗ്യനല്ലെന്നും ആർ.എൻ. രവിയെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അവശ്യപ്പെട്ടു. ദേശീയ ഗാനത്തിൽ ‘ദ്രാവിഡ’ എന്നൊരു വാക്കുണ്ട്. ദ്രാവിഡരോടും ദ്രാവിഡ ഭാഷയോടും അലർജിയുള്ള രവിക്ക് ദേശീയ ഗാനത്തിൽനിന്ന് ഈ വാക്ക് മാറ്റാൻ ധൈര്യമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ദൂരദർശന്റെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗവർണർ ആർ.എൻ. രവി തമിഴ് ഭാഷാവാദത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. തമിഴ്നാടിനെ ഇന്ത്യയിൽനിന്ന് മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും തമിഴ് ഭാഷയെ മുൻനിർത്തിയുള്ള മുതലെടുപ്പിന് അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. തമിഴ്നാടിന്റെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് മാറ്റി നിർത്താൻ അവർ തുടർച്ചയായി ശ്രമിക്കുകയാണ്.
ഹിന്ദിയെ മനഃപൂർവം ഒഴിവാക്കുന്നു. കന്നഡ ദിവസവും മലയാളം ദിവസവുമെല്ലാം ആഘോഷിക്കുന്നു. എന്നാൽ ഹിന്ദി ദിവസ് വരുമ്പോൾ പ്രതിഷേധിക്കുന്നു. വിഘടനവാദികളുടെ അജണ്ടയാണ് ഇത്. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയിൽ വിദ്യാഭ്യാസം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി. ഒടുവിൽ അത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവിക്കേണ്ടി വന്നെന്നും ഗവണർ പറഞ്ഞു.
ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ അടുപ്പമുണ്ടെന്ന രീതിയിൽ അഭ്യൂഹമുയരുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ വിവാദം ഉയരുന്നത്. ദൂരദർശൻ കേന്ദ്രയിലെ പരിപാടി റദ്ദാക്കണമെന്ന്, പരിപാടിക്ക് ഒരു മണിക്കൂർ മുമ്പാണ് സ്റ്റാലിന്റെ ഓഫിസിൽനിന്ന് അറിയിപ്പ് വന്നത്. എന്നാൽ ഇതു തള്ളിയാണ് പരിപാടി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.