മുംബൈയിലും ഒറ്റ-ഇരട്ട വാഹന നിയന്ത്രണ പരിഷ്കാരം വേണമോയെന്ന് ഹൈകോടതി

മുംബൈ: മഹരാഷ്ട്രയിലെ മുംബൈ നഗരത്തിലും ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന നിയന്ത്രണ പരിഷ്കാരം നടപ്പാക്കണോയെന്ന് ഹൈകോടതി. ഇക്കാര്യം ചോദിച്ച് ഹൈകോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് വി.എം. കനാഡെ, ജസ്റ്റിസ് രേവതി ദേരെ തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് ശദാബ് പട്ടേല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് സര്‍ക്കാരിന്‍െറ അഭിപ്രായം തേടിയത്.

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഡല്‍ഹി നഗരത്തില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന പരിഷ്കാരം മുംബൈയിലും നടപ്പാക്കണമെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം. ഡീസല്‍ വാഹനങ്ങളുടെ വില്‍പനക്ക് പ്രത്യേക നയരൂപവത്കരണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ചെന്നൈ നഗരത്തിലെ പ്രളയം ചൂണ്ടിക്കാട്ടിയ കോടതി നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങളും സൂചിപ്പിച്ചു. വാഹനങ്ങളില്‍നിന്ന് പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് നഗരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മുംബൈയിലെ വായുമലിനീകരണം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 26 ലക്ഷം വാഹനങ്ങളാണ് മുംബൈ നഗരത്തിലുള്ളത്. അതില്‍ 80 ശതമാനവും സ്വകാര്യവാഹനങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.