മുംബൈ: അസഹിഷ്ണുതാ വിവാദം മോദി സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചപ്പോള്‍ രക്ഷക്കത്തെിയ ബോളിവുഡ് നടന്‍ അനുപം ഖേര്‍ പത്മപുരസ്കാര യോഗ്യതാ പട്ടികയില്‍. പുരസ്കാര നിര്‍ണയ സമിതി തയാറാക്കിയ പട്ടിക കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയും അന്തിമ തീരുമാനത്തിനായി പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് അയക്കുകയും ചെയ്തു. ഈ പട്ടികയില്‍ ബോളിവുഡില്‍നിന്നുള്ളവരില്‍ അനുപം ഖേറിനു പുറമെ അജയ് ദേവ്ഗണും പ്രിയങ്ക ചോപ്രയുമുണ്ടെന്നാണ് സൂചന. പത്മ പുരസ്കാര പ്രഖ്യാപനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അനുപം ഖേര്‍, അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്ക് രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കളില്‍നിന്ന് അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുന്നതായാണ് വിവരം.
എന്നാല്‍, അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ തിരുകിക്കയറ്റിയതിന് എതിരെ വിദ്യാര്‍ഥി സമരം നടക്കുകയും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖര്‍ രംഗത്തുവരുകയും പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി പ്രതികരിക്കുകയും ചെയ്തത് മോദി സര്‍ക്കാറിനെ വലച്ചിരുന്നു. ദാദ്രി, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി സംഭവങ്ങളെ തുടര്‍ന്ന് അസഹിഷ്ണുതയെചൊല്ലി സാഹിത്യ, സിനിമാ മേഖലയിലുള്ളവര്‍ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുത്തതും കേന്ദ്രത്തിന് തിരിച്ചടിയായി. ഈ സമയത്ത് സിനിമാ മേഖലയിലുള്ളവരെ അണിനിരത്തി മോദിക്കനുകൂല നീക്കം നടത്തിയത് അനുപം ഖേറാണ്. ഡല്‍ഹിയില്‍ റാലിയും നടത്തി. കശ്മീര്‍ പണ്ഡിറ്റ് വിഷയത്തിലും കേന്ദ്ര സക്കാര്‍ നിലപാടിനെയാണ് അനുപം ഖേര്‍ പിന്തുണച്ചത്. ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബി.ജെ.പി എം.പിയുമാണ്.
നടന്‍ അജയ് ദേവ്ഗണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ അനുഗ്രഹമുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളും നടനുമായി ബന്ധപ്പെട്ടവരും പറയുന്നത്. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് പിടിക്കാന്‍ അജയ് ദേവ്ഗണ്‍ രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ പദ്ധതി അംബാസിഡര്‍ പദവിയില്‍നിന്ന് കരാര്‍ കാലാവധിയുടെ പേരില്‍ നടന്‍ ആമിര്‍ ഖാനെ മാറ്റി പകരം കൊണ്ടുവന്നത് അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയെയുമാണ്. ബി.ജെ.പി സഹയാത്രികനായ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. ഗസല്‍ ഗായകന്‍ തലത്ത് അസീസ്, പിന്നണി ഗായിക ശ്രേയാ ഘോഷാല്‍, ‘പികെ’, ‘മുന്നാ ഭായ്’ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി എന്നിവരും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.