വി.വി.ഐ.പി കോപ്ടര്‍ ഇടപാട്: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: 3600 കോടിയുടെ വി.വി.ഐ.പി കോപ്ടര്‍ ഇടപാടിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യ ഇടനിലക്കാരനും ബ്രിട്ടീഷ് ആയുധ ഏജന്‍റുമായ ക്രിസ്ത്യന്‍ മിഷേലിന്‍െറ ഇടപാടിലെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 1300 പേജിലധികം വരുന്ന കുറ്റപത്രം ന്യൂഡല്‍ഹിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയല്‍ ആക്ട് പ്രകാരമുള്ള പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചത്. ഇടനിലക്കാരനായ മിഷേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കമ്പനിയില്‍നിന്ന് 30 മില്യണ്‍ യൂറോ (225 കോടി രൂപ) കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടത്തെിയതായാണ് കരുതുന്നത്.
12 ഹെലികോപ്ടര്‍ ഇടപാടില്‍ കമ്പനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതിനാണ് ഇത്രയും തുക കൈപ്പറ്റിയത്. കേസ് കോടതി ഉടന്‍ പരിഗണനക്കെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. കേസില്‍ അന്വേഷണം നേരിടുന്ന മൂന്ന് പ്രധാന ഇടനിലക്കാരില്‍ ഒരാളാണ് മിഷേല്‍. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സി.ബി.ഐയും ഇന്‍റര്‍പോളിന്‍െറ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.  മിഷേല്‍ ദുബൈയിലുണ്ടെന്നാണ് കരുതുന്നത്. ഇയാള്‍ ഇവിടെവെച്ച് വിവിധ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് വിവാദങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കേസില്‍ മിഷേലിന്‍െറ പങ്ക് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.
ഇയാളുടെ ഇന്ത്യയിലെ സന്ദര്‍ശനങ്ങളും ഇടപാടുകളും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരില്‍നിന്ന് ഇന്ത്യയിലെ ഉന്നതര്‍ കോഴ വാങ്ങി എന്നതിന് തെളിവുകള്‍ ഇറ്റലിയില്‍നിന്നും സി.ബി.ഐക്ക് ലഭിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനുള്ള 12 അത്യാധുനിക കോപ്ടറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോഴ വാങ്ങി എന്നാണ് നിലവിലുള്ള കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.