ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാ ബാങ്കിനെയും ലയിപ്പിക്കാനുള്ള നടപടി ഒമ്പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ളവയുടെ പേര് എസ്.ബി.ഐയായി മാറത്തക്കവിധം ലയനത്തിന്‍െറ നടപടിക്രമം തയാറാക്കിത്തുടങ്ങി. എസ്.ബി.ടിയിലെയും മറ്റും ജീവനക്കാരുടെ എതിര്‍പ്പ് ബാക്കിനില്‍ക്കെയാണ് വിശദാംശങ്ങള്‍ തയാറാക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കകം പദ്ധതി രൂപപ്പെടുത്തും. ഈ മാസാദ്യം ലയനത്തിന് കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
ലയനത്തിന് ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായും എസ്.ബി.ഐ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ലയന പദ്ധതിക്ക് സര്‍ക്കാറിന്‍െറ അംഗീകാരം കിട്ടേണ്ടതുണ്ട്. 1955ലെ എസ്.ബി.ഐ നിയമത്തിന്‍െറ 35ാം വകുപ്പ് ലയന നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നു. ഏറ്റെടുക്കുന്ന ബാങ്കിന്‍െറയും ലയിക്കുന്ന ബാങ്കുകളുടെയും ഭരണസമിതി ലയന നിര്‍ദേശം അംഗീകരിക്കുകയും വേണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനു പുറമെ, ബിക്കാനിര്‍-ജയ്പുര്‍, പട്യാല, മൈസൂര്‍, ഹൈദരാബാദ് എന്നീ സ്റ്റേറ്റ് ബാങ്കുകളും മഹിളാ ബാങ്കുമാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്. മുമ്പ് രണ്ട് സ്റ്റേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിച്ചിരുന്നു. 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര ആദ്യം ലയിച്ചു. രണ്ടു വര്‍ഷത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ ലയിച്ചപ്പോള്‍, ലയന നടപടി 55 ആഴ്ചകള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.
ഇത്രയും ബാങ്കുകള്‍ ഒന്നിച്ച് ലയിപ്പിക്കുകയാണോ, ഒന്നിനു ശേഷം മറ്റൊന്ന് എന്ന ക്രമം പാലിക്കുകയാണോ വേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് തയാറാക്കുന്നത്. ലയനം പൂര്‍ത്തിയാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കായി എസ്.ബി.ഐ മാറും.
എസ്.ബി.ടി ബാങ്ക് ലയനം ഉപേക്ഷിക്കണം, കേരളത്തിന് ദോഷം –വി.എസ്
സംസ്ഥാന തലസ്ഥാനത്ത് ഹെഡ് ഓഫീസ് ഉള്ള ഏക പൊതുമേഖല ബാങ്കായ എസ്.ബി.ടിയെ എസ്.ബി.ഐയുമായി ലയിപ്പിക്കാനുള്ള കേന്ദ്ര നീക്കം അപകടകരമാണെന്നും ഇത് കേരളത്തിന് വന്‍ ദോഷം ചെയ്യുമെന്നും വി.എസ്. അച്യുതാനന്ദന്‍. എസ്.ബി.ടി ആസ്ഥാനത്ത് അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിനെതിരെ സംഘടിപ്പിച്ച ധര്‍ണയും മനുഷ്യച്ചങ്ങലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധനത്തിന്‍െറ ഒഴുക്ക് ഒരു കേന്ദ്രത്തിലൂടെ മാത്രമാക്കി മൂലധന ശക്തികളുടെ പിടിമുറുക്കം ശക്തമാക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍. ഇതുതന്നെയാണ് എസ്.ബി.ടിയെയടക്കം ലയിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍. മൂലധന ശക്തികളുടെ പിന്‍വാതില്‍ പ്രവേശത്തിനുള്ള പഴുതുകളില്‍ ഒന്നാണിത്. കേരളത്തിന്‍െറ പൊതുവികാരം കണക്കിലെടുത്ത് അധികാരികള്‍ ലയന നീക്കം ഉപേക്ഷിക്കാന്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മാഈല്‍, എസ്.കെ നായര്‍, കവി മധുസൂദനന്‍ നായര്‍, ജി. ശങ്കര്‍, എസ്.ബി.ടി ഓഹരി ഉടമകളുടെ പ്രതിനിധികളായ കെ. സുരേന്ദ്രന്‍, ബാലസുബ്രഹ്മണ്യന്‍ നമ്പീശന്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.