ന്യൂഡൽഹി: ഇശ്റത്ത് ജഹാൻ ഏറ്റമുട്ടൽ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയതെന്നും പിള്ള എൻ.ഡി ടിവിയോട് പറഞ്ഞു. സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിൻെറ മേൽനോട്ടത്തിലാണ്. ഇതിൻെറ മുഴുവൻ ഉത്തരവാദിത്തവും ചിദംബരത്തിനാണെന്നും ജി.കെ പിള്ള വ്യക്തമാക്കി.
അതേസമയം, ആരോപണത്തിൽ പി. ചിദംബരത്തിനെതിരായ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ജി.കെ പിള്ളയുടെ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിലാണ് ഹരജി.
2004 ജൂണ്‍ 15നാണ് ഇശ്റത് ജഹാന്‍, ജാവേദ് ശൈഖ് എന്നിവരും സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നീ പാകിസ്താന്‍കാരും അഹ്മദാബാദിനടുത്ത കോതാര്‍പുറിലുണ്ടായ വെടിവെപ്പില്‍ മരിച്ചത്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്നു പറഞ്ഞാണ് ഇവരെ പൊലീസ് വെടിവെച്ചുകൊന്നത്.
ഇശ്റത്ത് ജഹാൻ ഉൾപ്പടെയുള്ളവരെ സുരക്ഷാ സേന വെളിവെച്ചുകൊന്നത് കേന്ദ്ര സർക്കാറിൻെറ അറിവോടെയായിരുന്നു എന്നും ഉന്നതമായ രാഷ്ട്രീയ ഇടപെടൽ ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം പിള്ള പറഞ്ഞിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻെറ പദ്ധതിയുടെ ഭാഗമായായിരുന്നു ഏറ്റുമുട്ടലെന്നും 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സത്യവാങ്മൂലത്തിൻെറ കാര്യത്തിൽ ജി.കെ പിള്ളക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് ഇതിന് മറുപടിയായി ചിദംബരം പറഞ്ഞത്. ജി.കെ പിള്ള ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം അകലം പാലിക്കുകയാണെന്നും അദ്ദേഹം ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.