ന്യൂഡല്‍ഹി: രാജ്യത്തെ വനിതാ എം.എല്‍.എമാരുടെയും എം.പിമാരുടെയും ദേശീയ കണ്‍വെന്‍ഷന് ഡല്‍ഹിയില്‍ തുടക്കം. അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ച സമ്മേളനം ഇത്തരത്തിലുള്ള ആദ്യത്തേതാണ്. രണ്ടു ദിവസത്തെ സമ്മേളനത്തിന്‍െറ ഉദ്ഘാടനം വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിച്ചു.
വനിതകള്‍ക്ക് പാര്‍ലമെന്‍റിലും നിയമസഭയിലും അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ ഇത്രയും കാലമായിട്ടും കഴിയാത്തത് ഖേദകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വനിതാസംവരണ ബില്‍ യാഥാര്‍ഥ്യമാകാത്തിടത്തോളം നിയമനിര്‍മാണ സഭകളിലേക്ക് വനിതകളെ വേണ്ടവിധം രാഷ്ട്രീയപാര്‍ട്ടികള്‍ പരിഗണിക്കുമെന്ന് കരുതാനാകില്ല. സ്വാതന്ത്ര്യത്തിന്‍െറ ആറു പതിറ്റാണ്ടിനുശേഷവും പാര്‍ലമെന്‍റില്‍ വനിതാപ്രാതിനിധ്യം 12 ശതമാനത്തില്‍ കൂടുതല്‍ എത്തിയിട്ടില്ല. നമ്മുടെ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ അവകാശവും കടമകളുമാണ് നല്‍കിയിട്ടുള്ളത്. അക്കാര്യം വിസ്മരിക്കരുതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. പാര്‍ലമെന്‍ററി പാനലുകളിലേക്ക് എം.പിമാരെ തെരഞ്ഞെടുക്കുന്നതില്‍പോലും വനിതാ എം.പിമാര്‍ വിവേചനം നേരിടുന്നതായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പറഞ്ഞു.സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പാര്‍ലമെന്‍ററി സമിതിയില്‍ 30ല്‍ 28ഉം സ്ത്രീകളാണ്. സ്ത്രീകള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്ന കാഴ്ചപ്പാടില്‍ മാറ്റംവേണം. കൂടുതല്‍ വനിതകളെ പാര്‍ലമെന്‍റിലേക്കും നിയമസഭകളിലേക്കും മത്സരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണമെന്നുംഅദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ സുമിത്ര മഹാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.