രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന്  കരുണാനിധി; ഉത്തരംമുട്ടി കോണ്‍ഗ്രസ് 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ഏഴുപേരെ മോചിപ്പിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി വീണ്ടും പരസ്യനിലപാട് പ്രകടിപ്പിച്ചതോടെ കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന് ഉത്തരംമുട്ടി. സഖ്യത്തില്‍ ആദ്യമേയുണ്ടായ കല്ലുകടിയില്‍ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം അസ്വസ്ഥരാണ്. സംസ്ഥാന അധ്യക്ഷനായ ഇ.വി.കെ.എസ് ഇളങ്കോവന്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. 
മുന്നണി ഒന്നായാലും വിഷയങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് നിലപാടുകളിലും വ്യത്യാസമുണ്ടാകാമെന്ന പൊതുനിലപാടാണ് ഇളങ്കോവന്‍ പ്രകടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം കത്തിച്ച് വോട്ട് പിടിക്കാനാണ് ദ്രാവിഡ പാര്‍ട്ടികളുടെ ശ്രമം.തുടക്കമിട്ടത് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയാണ്. പ്രതികളുടെ മോചനകാര്യത്തില്‍ പ്രതികരണമാരാഞ്ഞ് സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മിശ്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് വിഷയം വൈക്കോയുള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്തു. 
ഇതിനിടെയാണ് വോട്ടുബാങ്ക് ലക്ഷ്യമാക്കി കരുണാനിധിയും മോചന ആവശ്യം ഉന്നയിച്ചത്. കേന്ദ്രമോ അല്ളെങ്കില്‍ സംസ്ഥാനമോ ഭരിക്കുന്നവര്‍ മുന്‍ കൈയെടുത്ത് ഇവരുടെ മോചനം സാധ്യമാക്കണമെന്നാണ് കരുണാനിധി ആവശ്യപ്പെട്ടത്. 
മോചനവിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ രഹസ്യ അജണ്ട എന്താണെന്ന് കരുണാനിധി ചോദിച്ചു. മനുഷ്യത്വപരമായ വിഷയം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ജയലളിത സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 
മോചനവിഷയത്തില്‍ അന്തിമ അധികാരം ആരിലാണെന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയിലും കോടതിയിലും തര്‍ക്കമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.