ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിട്ടു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽവി വഴങ്ങിയതിന് ശേഷം ആദ്യമായാണ് മോദി ബിഹാറിൽ എത്തുന്നത്. ഇതിന് ശേഷം ഇരുവരും വേദി പങ്കിടുന്നതും ആദ്യമായാണ്. പറ്റ്നയിൽ നിന്ന് ഇരുവരും ഒരുമിച്ച് ഹെലികോപ്റ്ററിൽ ഹാജിപൂരിലേക്ക് യാത്ര ചെയ്തു. പറ്റ്ന ഹൈകോടതിയുടെ ശതവാർഷികാഘോഷത്തിനും ഹാജിപൂരിലെ റെയിൽ പ്രൊജക്ട് ഉദ്ഘാടനത്തിനുമാണ് മോദി ബിഹാറിൽ എത്തിയത്.
തൻെറ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ ബിഹാറിലേക്ക് സ്വാഗതം ചെയ്ത നിതീഷ്, കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ബിഹാറിൻെറ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞു. ബിഹാറിനുള്ള സഹായം കേന്ദ്രം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും നിതീഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. ബിഹാറിൻെറ വികസനകാര്യം സർക്കാറിൻെറ മുൻഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബിഹാറിൻെറ പുരോഗതി രാജ്യത്തിൻെറ പുരോഗതിക്ക് നിർണായകമാണ്. ഇന്ത്യയുടെ വിധി മാറ്റാൻ ആദ്യം ബിഹാറിൻെറ വിധി മാറ്റണമെന്നും പ്രധനാനമന്ത്രി പറഞ്ഞു. അതിനിടെ, നിതീഷ്കുമാറിൻെറ പ്രസംഗത്തിനിടെ തനിക്ക് 'ജയ്' വിളിച്ച സദസ്യരോട് മോദി ശാന്തരാകാൻ ആവശ്യപ്പെട്ടു. നിതീഷിൻെറ പ്രസംഗത്തിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മോദി വേദിയുടെ അറ്റത്തേക്ക് വരികയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ.ജെ.ഡിയും അടക്കമുള്ള പാർട്ടികളുമായി ചേർന്ന് മഹാസഖ്യമുണ്ടാക്കിയാണ് നിതീഷിൻെറ ജെ.ഡി.യു തെരഞ്ഞെടുപ്പിനെ നേരിട്ടത്. 243 സീറ്റുകളിൽ 178 എണ്ണം മഹാസഖ്യം നേടി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് 58 സീറ്റുകളാണ് ലഭിച്ചത്. മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.