കൗസല്യയെ വിട്ടു കൊടുക്കാൻ ബന്ധുക്കൾ 10 ലക്ഷം വാഗ്ദാനം ചെയ്തു

ഉദുമൽപേട്ട: സവർണ യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാലു  യുവാക്കളെ കുമരലിംഗം പൊലിസ് പിടി കൂടി. ഉദുമൽപേട്ട കുമരലിംഗം വേലുച്ചാമിയുടെ മകൻ ശങ്കർ (22) കൊല്ലപ്പെട്ട കേസിൽ ഭാര്യ കൗസല്യ (19) യുടെ പിതാവ് പഴനി സ്വദേശി ചിന്നസ്വാമിയുടെ സുഹൃത്തുക്കളായ ജഗദീശൻ, മണികണ്ഠൻ, ശെൽവകുമാർ, മദൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഉദുമൽപേട്ട മെയിൻ റോഡിൽ കൊല നടത്തിയ ശേഷം ഇവർ ബൈക്കിൽ കയറി രക്ഷപ്പെടുന്ന സി.സി.ടി വി ദൃശ്യമാണ് പ്രതികളെ കുറിച്ച് വിവരം നൽകിയത്. കോടതിയിൽ കീഴടങ്ങിയ കൗസല്യയുടെ പിതാവ് ചിന്നസ്വാമി റിമാൻറിലാണ്.

പൊള്ളാച്ചിയിൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിൽ പഠിക്കവെ എട്ടു മാസം മുൻപാണ്‌ ശങ്കറും കൗസല്യയും വിവാഹിതരായത്. ശങ്കർ ദലിതനും  കൗസല്യ സവർണ സമുദായ അംഗവുമാണ്.  കൗസല്യയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞാലും ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം കൗസല്യ പഠനം നിർത്തി ജോലിക്ക് പോകുകയാണ്. ശങ്കർ അവസാന വർഷ വിദ്യാർഥിയാണ്. ഒരു തവണ കൗസല്യയെ ഉസലാംപെട്ടിയിലേക്ക് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെങ്കിലും പൊലിസ് എത്തി മോചിപ്പിച്ചു. രണ്ടു മാസം മുൻപ് ശങ്കറിൻെറ വീട്ടിൽ കൗസല്യയുടെ മാതാപിതാക്കൾ എത്തി മകളെ വിട്ടു തന്നാൽ 10 ലക്ഷം തരാമെന്ന് വാഗ്ദാനം ചെയ്തു. കൗസല്യ അവരെ മടക്കി അയച്ചു. അതിനു ശേഷം രണ്ടാഴ്ച മുൻപു വീണ്ടും എത്തി. എന്തു വന്നാലും താൻ ശങ്കറിനെ വിട്ടു വരില്ലെന്ന് കൗസല്യ അറിയിച്ചപ്പോൾ ഇനി എന്തു സംഭവിച്ചാലും തങ്ങൾ ഉത്തരവാദി അല്ലെന്നു പറഞ്ഞാണ് മടങ്ങിയത്.

അതിനു ശേഷം രണ്ടു യുവാക്കൾ ശങ്കറിനെ അന്വേഷിച്ചു എത്തിയപ്പോൾ വീട്ടുകാർ  പൊലിസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പൊലിസ് പരാതി  ഗൗരവമായി എടുത്തില്ല. ഞായറാഴ്ച ശങ്കറും കൗസല്യയും ഉദുമൽപേട്ട മാർക്കറ്റിൽ സാധനം വാങ്ങാനെത്തി റോഡ്‌ മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴാണ് ബൈക്കിൽ വന്ന അക്രമി സംഘം ഇരുവരെയും വെട്ടിയത്. ശങ്കറിനെ പുറകിലൂടെ വന്നാണ് വെട്ടിയത്. തടയാൻ ശ്രമിച്ചപ്പോൾ കൗസല്യയെയും വെട്ടി. ശങ്കർ റോഡിൽ മരിച്ചു വീണു. ഗുരുതരാവസ്ഥയിൽ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗസല്യ അപകട നില തരണം ചെയ്തു.

കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയിൽ തമിഴ്നാട്ടിൽ ഇത്തരത്തിൽ 98 ജാത്യാഭിമാനകൊലകൾ നടന്നതായാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. പല കൊലപാതകങ്ങളും പൊലിസിലെ സ്വാധീനം ഉപയോഗിച്ച് ആത്മഹത്യയാക്കി മാറ്റുകയാണ്. ദലിത് യുവാവിനെ വിവാഹം ചെയ്ത പതിനേഴുകാരിയെ അടുത്തിടെ രാമനാഥപുരത്തു വെട്ടിക്കൊന്നിരുന്നു. ധർമപുരിയിൽ ദലിത് യുവാവ്‌ ഇളവരശനെയും വണ്ണിയർ സമുദായ അംഗം ദിവ്യയെയും കൊലപ്പെടുത്തിയത്‌ വലിയ ഒച്ചപ്പാടിന് വഴി വെച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷനും മറ്റും ഇടപെട്ടിട്ടും ഇത്തരം കൊലകൾ ആവർത്തിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.