ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടരും. ഹരജിക്കാരുടെ വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. ഇന്ന് കേന്ദ്ര സർക്കാറും പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയും തങ്ങളുടെ ഭാഗം വിശദീകരിക്കും.
നീറ്റ് ചോദ്യപ്പേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും അതിനാൽ പുന:പരീക്ഷ നടത്തേണ്ടതില്ലായെന്നുമുള്ള കേന്ദ്ര സർക്കാർ വാദത്തെ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഖണ്ഡിച്ചിരുന്നു. ചോദ്യപേപ്പർ മേയ് നാലിനുമുമ്പേ ചോർന്നുവെന്നാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ആദ്യമൊഴിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. മേയ് നാലിന് രാത്രി ചോർത്തിയ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ പഠിക്കാൻ വിദ്യാർഥികൾക്ക് നൽകിയതിനാൽ അതിനുമുമ്പേ ചോർന്നുവെന്ന് മനസ്സിലാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
പരീക്ഷ നടത്ത ദിവസമായ മേയ് അഞ്ചിന് രാവിലെ എട്ടു മണിക്കും ഒമ്പതര മണിക്കുമിടയിലാണ് ചോദ്യപേപ്പർ ചോർന്നതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചത്. അതേസമയം ഒരു പ്രതി മേയ് നാലിനും അഞ്ചിനും ചോർന്നുവെന്ന് രണ്ട് മൊഴി നൽകിയിട്ടുമുണ്ട്. മേയ് നാലിന് ചോർന്നതാണെങ്കിൽ അവ സൂക്ഷിച്ച ബാങ്കിൽനിന്നും മേയ് അഞ്ചിന് കൊണ്ടുപോയപ്പോൾ ചോർന്നതാണെന്ന വാദം നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേസമയം, ഈ ചോർച്ച ഹസാരിബാഗിലും പട്നയിലും പരിമിതമായിരുന്നോ എന്നുകൂടി അറിയേണ്ടതുണ്ട്.
ചോദ്യപ്പേപ്പർ ക്രമക്കേടുകൾ ഉൾപ്പെടെ നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹരജികളുള്ളത്. ചോദ്യപ്പേപ്പർ വ്യാപകമായി ചോർന്നുവെന്ന് കണ്ടെത്തിയാലേ പുന:പരീക്ഷക്ക് നിർദേശിക്കാനാകൂവെന്ന് കോടതി പറഞ്ഞിരുന്നു. വ്യാപക ചോർച്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാറും എൻ.ടി.എയും. ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.