തിരുവനന്തപുരം: എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ വലിയ പ്രതീക്ഷയോടെ കേരളം. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഉതകുന്ന രണ്ടു വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിട്ടുള്ളത്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് കിനാലൂരിൽ ഭൂമിയടക്കം കണ്ടെത്തി സംസ്ഥാനം നൽകിയതോടെ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽനിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കൽ എന്നിവ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ആശ, അംഗൻവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണമെന്നതാണ് മറ്റൊന്ന്. ദേശീയപാത വികസനത്തിന് 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.
ക്ഷേമ പെൻഷൻ തുകകൾ, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവ ഉയർത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. തലശ്ശേരി -മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.