അങ്കോള മണ്ണിടിച്ചിൽ: കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്

മംഗളൂരു: ഉത്തര കർണാടക അങ്കോളയിലെ ദേശീയ പാത 66ൽ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്ക് വേണ്ടി തെരച്ചിൽ നടക്കവേ, കാണാതായവരിൽ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് 12 കി.മീ അകലെ ഗോകർണത്തിന് സമീപമാണ് മൃതദേഹം കണ്ടത്. പുഴയുടെ മറുകരയിൽ കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതശരീരം എന്ന് കരുതുന്നു. മണ്ണിടിഞ്ഞ് വൻതോതിൽ പുഴയിൽ പതിച്ചപ്പോൾ മറുകരയിൽ വെള്ളം ഉയരുകയും പുഴ ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായത്.

അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം പൂർത്തിയായി. രക്ഷാപ്രവർത്തനം ഏഴുദിവസം പിന്നിട്ടതോടെ കരയിലെ തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചു. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇനി പുഴ കേന്ദ്രീകരിച്ചാണ് അര്‍ജുനായുള്ള തെരച്ചിൽ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകീട്ട് പുഴയിൽ നടത്തിയ റഡാർ പരിശോധനയിൽ കരയിൽനിന്ന് 28 മീറ്റർ മാറി ഒരു സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാവും തുടർപരിശോധന. കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. കുത്തിയൊലിച്ചെത്തിയ മണ്ണിനൊപ്പം ലോറി പുഴക്കടിയിൽ പുതഞ്ഞിരിക്കാനുള്ള സാധ്യതയാണ് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഷിരൂരിൽ അപകടം നടന്നതിന് തൊട്ടുമുമ്പ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹം പകർത്തിയ പ്രദേശത്തിന്റെ ചിത്രങ്ങൾ ഉത്തരകന്നഡ ജില്ല ഭരണകൂടത്തിന് തിങ്കളാഴ്ച ഐ.എസ്.ആർ.ഒ കൈമാറി. ഈ ചിത്രങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.

റോഡിലെ മൺകൂനയിൽ 98 ശതമാനവും നീക്കിയെന്നും ലോറിയുടെ സാന്നിധ്യം ഇല്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, സൈന്യത്തിന്റെ അത്യാധുനിക റഡാർ സംവിധാനമായ ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്ഷൻ എന്നിവ ഉപയോഗിച്ച് അവസാന പ്രതീക്ഷയുമായി തിങ്കളാഴ്ച കരയിൽ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. കരയിൽ കരസേനയും ഗംഗാവാലി പുഴയിൽ നാവികസേനയിലെ സ്കൂബ ഡൈവിങ് സംഘവും ദൗത്യം നയിക്കുന്നതായിരുന്നു കാഴ്ച. രാവിലെ നടത്തിയ തെരച്ചിലിൽ റോഡിനും കുന്നിനുമിടയിലെ ഭാഗത്ത് രണ്ടിടത്ത് സിഗ്നൽ ലഭിച്ചു. രണ്ടിടത്തും മണ്ണ് മുഴുവനായും നീക്കിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് റോഡിനും പുഴക്കുമിടയിലെ മൺകൂനയിൽ നടത്തിയ തെരച്ചിലിൽ ഒരിടത്ത് സിഗ്നൽ ലഭിച്ചെങ്കിലും തെരച്ചിലിന്റെ ഫലം സമാനമായിരുന്നു. കരയിൽ ലോറിയുടെ സാന്നിധ്യമില്ലെന്ന് വൈകീട്ടോടെ സേനയുടെ സ്ഥിരീകരണമെത്തി. 

Tags:    
News Summary - Ankola landslide: found dead body of missing woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.