റാഞ്ചി: ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യപാരികളായ രണ്ടുപേരെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. ലതേഹര്‍ ജില്ലയിലെ ജബാര്‍ ഗ്രാമത്തിലാണ് മുഹമ്മദ് മജ്ലൂം അന്‍സാരി (35) അസദ് ഖാന്‍െറ മകന്‍ ഇംതിയാസ് ഖാന്‍ (15) എന്നിവരെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
കന്നുകാലികളെ വില്‍ക്കാനായി ഛത്ര ജില്ലയിലെ ചന്തയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവരുടെ പക്കല്‍ എട്ട് കാളകളുണ്ടായിരുന്നു. യാത്ര മധ്യേ ഒരു സംഘം ആളുകള്‍ ഇവരെ കീഴ്പ്പെടുത്തുകയും കൊല നടത്തിയ ശേഷം കെട്ടി തൂക്കുകയുമായിരുന്നു. വില്‍ക്കാന്‍ കൊണ്ടുപോയ കാളകളെ കണ്ടെത്താനായില്ല. കൊലക്കു പിന്നില്‍ ബിസിനസ് ശത്രുതയോ കാള മോഷണ ശ്രമമോ മറ്റെന്തെങ്കിലുമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. കന്നുകാലി വ്യാപാരികളുടെ വധം ദാദ്രി മോഡല്‍ കൊലപാതകമാണെന്ന് സംശയമുണ്ട്.
മൃതദേഹത്തില്‍ മുറിവേറ്റ പാടുകളും കൈകള്‍ കൂട്ടി കെട്ടിയ നിലയിലുമായിരുന്നു. അതിനാല്‍ കൊല നടത്തിയതിനു ശേഷം കെട്ടി തൂക്കിയതാവാം എന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമ വാസികള്‍ റാഞ്ചി-ഛത്ര റോഡ് ഉപരോധിച്ചു. പൊലീസ് സൂപ്രണ്ടും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തത്തെി അന്വേഷണം പെട്ടെന്ന് നടത്തും എന്നുറപ്പ് നല്‍കിയ ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനിടയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാരുടെ തലക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടി വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.