ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ 20 ചോദ്യങ്ങള്‍ അടങ്ങുന്ന കത്തയച്ചു. കോണ്‍ഗ്രസിന്‍െറ പ്രചാരണ തന്ത്രം രൂപപ്പെടുത്താന്‍ പ്രശാന്ത് കിഷോറിന്‍െറ സേവനം പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. മാര്‍ച്ച് 10ന് എ.ഐ.സി.സി ആസ്ഥാനത്തു നടന്ന കൂടിയാലോചനാ യോഗത്തിനു ശേഷമാണ് കത്ത്. പി.സി.സി പ്രസിഡന്‍റ് നിര്‍മല്‍ ഖത്രി മുഖേനയാണ് കീഴ്ഘടകങ്ങളിലേക്ക് 14 പേജ് വരുന്ന കത്ത് അയച്ചത്.
കോണ്‍ഗ്രസിന് പ്രചാരണത്തില്‍ സ്വീകരിക്കാവുന്ന തന്ത്രങ്ങള്‍, ജാതി സമവാക്യങ്ങളില്‍ പുലര്‍ത്തേണ്ട സൂക്ഷ്മത, കോണ്‍ഗ്രസിന്‍െറയും എതിരാളികളുടെയും കരുത്തും വീഴ്ചയും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍, വിവിധ മേഖലകളില്‍ പാര്‍ട്ടിയുടെ ശക്തി-ദൗര്‍ബല്യങ്ങള്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്‍െറ ആവശ്യകത, പാര്‍ട്ടിക്ക് ഗുണകരമാവുന്ന ജാതി-പ്രാദേശിക ചേരുവകള്‍ എന്നിവയെക്കുറിച്ച വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി ടിക്കറ്റ് മോഹിക്കാതെ മുഴുസമയവും കോണ്‍ഗ്രസിനു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കാന്‍ കഴിയുന്ന 20 പ്രവര്‍ത്തകരുടെ വിവരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതികരണം ഉണ്ടാക്കാനിടയുള്ള വിഷയങ്ങള്‍ മറുപടി അയക്കുന്നവര്‍ വിശദീകരിക്കണം. സമൂഹത്തില്‍ സ്വാധീനമുണ്ടാക്കുന്ന രാഷ്ട്രീയേതര വ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അറിയിക്കണം.
കോണ്‍ഗ്രസിന്‍െറ വിജയസാധ്യത വിലയിരുത്തുന്ന മണ്ഡലതല റിപ്പോര്‍ട്ട് നല്‍കണം. ഓരോ ജാതി വിഭാഗങ്ങളും ഏതേതു പാര്‍ട്ടികളെ പ്രാദേശികതലത്തില്‍ പിന്തുണക്കാന്‍ സാധ്യതയുണ്ടെന്ന ചോദ്യവും ചോദ്യാവലിയിലുണ്ട്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണമായ മൂന്നു പ്രധാന വിഷയങ്ങള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.