ഉത്തരാഖണ്ഡ്: വിശ്വാസവോട്ടിനുള്ള അനുമതിക്ക് ഹൈകോടതി സ്റ്റേ

നൈനിതാള്‍: രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ  ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാറിന് വിശ്വാസവോട്ട് തേടാന്‍ അനുമതി നല്‍കിയ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. വ്യാഴാഴ്ച നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഏഴുവരെയാണ് സ്റ്റേ ചെയ്തത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹരീഷ് റാവത്ത് സര്‍ക്കാറിനെ മരവിപ്പിച്ച് കേന്ദ്രം രാഷ്ട്രപതിഭരണമേര്‍പ്പെടുത്തിയത്. ഇതിനെതിരെ ഹരീഷ് റാവത്ത് കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് വീണ്ടും വിശ്വാസവോട്ടിന് അനുമതി നല്‍കിയത്. എന്നാല്‍, ഇത് ചോദ്യംചെയ്ത് കേന്ദ്രം ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് വി.കെ. ഭിഷ്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

രാഷ്ട്രപതിഭരണത്തിലുള്ള സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പിനായി മന്ത്രിസഭയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുകയെന്നത് അനുവദനീയമല്ളെന്ന അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. കേസില്‍ ഏപ്രില്‍ ആറിന് വീണ്ടും വാദംകേള്‍ക്കും. അപ്പീലുകള്‍ക്ക് കാരണമായ ഹരീഷ് റാവത്തിന്‍െറ റിട്ട് പെറ്റീഷന്‍ പിന്‍വലിക്കാന്‍ എ.ജിയും റാവത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയും തയാറായതായി കോടതി അറിയിച്ചു. കേന്ദ്രത്തിന്‍െറയും കേന്ദ്രഭരണത്തിലുള്ള ഉത്തരാഖണ്ഡിന്‍െറയും എതിര്‍സത്യവാങ്മൂലം ഏപ്രില്‍ നാലിന് സമര്‍പ്പിക്കും.

അതിനിടെ, തങ്ങളെ അയോഗ്യരാക്കിയതിനെതിരെ ഒമ്പത് കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കല്‍ ഹൈകോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി. എം.എല്‍.എമാര്‍ അപ്രതീക്ഷിത നീക്കത്തില്‍ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.