ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ വികാരനിർഭരമായ കുറിപ്പ്. മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.
‘ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മൻമോഹൻ അൽപം വേഗക്കുറവുള്ളയാളായിരിക്കാം. പക്ഷേ, നയതന്ത്രജ്ഞൻ എന്ന നിലയിൽ ഭാവിതലമുറയെക്കൂടി പ്രചോദിപ്പിക്കാൻ ശേഷിയുള്ള പ്രഗല്ഭനായിരുന്നു. എന്നാൽ, എനിക്ക് ഇതിനെല്ലാം അപ്പുറമായിരുന്നു അദ്ദേഹം. ആ കഥ കൂടുതൽ ആർക്കും അറിയില്ല. ഈ നിമിഷം മലേഷ്യൻ ജനത അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജയിലിൽ കഴിയുന്ന കാലം. അക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവാണ് മൻമോഹൻ. മറ്റാർക്കുമില്ലാത്ത ദയാവായ്പോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. മക്കളുടെ പഠനത്തിന് പ്രത്യേകിച്ചും മകൻ ഇഹ്സാന് സ്കോളർഷിപ് അദ്ദേഹം വാഗ്ദാനംചെയ്തു. പക്ഷേ, ഞാനത് മറ്റു ചില കാരണങ്ങളാൽ നിരസിച്ചു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
അതേസമയം, എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മൻമോഹൻ സിങ്ങിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. നിഗംബോധ് ഘട്ടിലെ സംസ്കാരസ്ഥലം വരെയാണ് വിലാപയാത്ര. രാവിലെ 11.45ഓടെ അദ്ദേഹത്തിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.
എ.ഐ.സി.സി ആസ്ഥാനത്ത് മൻമോഹൻ സിങിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡി.കെ ശിവകുമാർ വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.