ന്യൂഡൽഹി: പുതിയ കാലത്തിന്റെ വെളിച്ചത്തിലേക്ക് രാജ്യത്തെ നയിച്ച അതികായന് വിട. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഭൗതികശരീരം ശനിയാഴ്ച ഡൽഹി യമുനാ നദീതീരത്തെ പൊതുശ്മശാനമായ നിഗം ബോധ്ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
പ്രത്യേക സൈനിക വാഹനത്തിൽ എ.ഐ.എസി.സി ആസ്ഥാനത്തുനിന്ന് വിലാപയാത്രയായി നിഗം ബോധ് ഘട്ടിൽ എത്തിച്ച ശരീരത്തിൽ കുടുംബാംഗങ്ങളും സിഖ് പുരോഹിതരും ചേർന്ന് കർമങ്ങൾ പൂർത്തിയാക്കി. തുടർന്ന്, രാജ്യത്തിന്റെ ആദരമർപ്പിച്ച് 21 തവണ സൈന്യത്തിന്റെ ഗൺ സല്യൂട്ട്. ഉച്ചക്ക് ഒരുമണിയോടെ ഉച്ചസ്ഥായിയിൽ മുഴങ്ങിയ ‘മൻമോൻ സിങ് അമർ രഹേ’ മുദ്രാവാക്യങ്ങളെ സാക്ഷ്യം നിർത്തി മൂത്ത മകൾ ഉപീന്ദർ സിങ് ചിതക്ക് തീകൊളുത്തി.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, സൈനിക മേധാവികൾ, ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചക്ക്, മൊറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
കോൺഗ്രസ് ആസ്ഥാനത്തെ ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷമായിരുന്നു ഭൗതിക ശരീരം നിഗം ബോധ് ഘട്ടിലേക്ക് എത്തിച്ചത്. കുടുംബാംഗങ്ങളും രാഹുൽ ഗാന്ധിയും ഭൗതിക ശരീരം വഹിച്ച വാഹനത്തിൽ അനുഗമിച്ചു.
മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഒൗദ്യോഗിക വസതിയിൽനിന്ന് രാവിലെ എട്ടു മണിയോടെയാണ് സൈനികർ ഭൗതികശരീരം എ.െഎ.സി.സി ആസ്ഥാനത്തേക്ക് കൊണ്ടുപോയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഇവിടേക്ക് എത്തി. ‘ജബ് തക് സൂരജ് ചന്ദ് രഹേഗ, തബ് തക് തേരാ നാം രഹേഗ’ (സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം അങ്ങയുടെ പേരും നിലനിൽക്കും) എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് പ്രവർത്തകർ പ്രിയ നേതാവിന്റെ അന്ത്യയാത്രയിൽ പങ്കുചേർന്നു.
ഡൽഹി എയിംസിൽ വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. രോഗബാധിതനായി കഴിയവെ വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ജനുവരി ഒന്നുവരെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തില് പറയുന്നു.
ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥ വകവെക്കാതെ മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിക്കാൻ ഡൽഹി അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് ഒഴുകിയെത്തിയത് നേതാക്കളും പ്രവർത്തകരുമടക്കം ആയിരങ്ങൾ.
മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഒൗദ്യോഗിക വസതിയിൽനിന്ന് രാവിലെ എട്ടരയോടെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചേർന്ന് പ്രത്യേക സൈനിക വാഹനത്തിൽ ഭൗതികശരീരം എ.ഐ.സി.സി ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്. മൻമോഹൻ സിങ്ങിന്റെ ഭാര്യ ഗുർശരൺ കൗർ, മൂന്ന് പെൺമക്കൾ, ബന്ധുക്കൾ എന്നിവരും അനുഗമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ചേർന്ന് ഭൗതിക ശരീരം ഏറ്റുവാങ്ങി പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന്, വാർത്തസമ്മേളനത്തിനായി സജ്ജീകരിച്ചിട്ടുള്ള ഹാളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ, മുതിർന്ന പാർട്ടി നേതാക്കൾ, എം.പിമാർ അടക്കമുള്ളവർ പുഷ്പാർച്ചന നടത്തി. പാർട്ടി പ്രവർത്തകർക്കും അവസരം നൽകി. പിന്നീട് 10 മണിയോടെ പ്രവർത്തകരുടെ അകമ്പടിയോടെ സംസ്കാര ചടങ്ങുകൾക്കായി നിഗം ബോധ്ഘട്ടിലേക്ക് കൊണ്ടുപോയി.
കോരാപുട്ട് (ഒഡിഷ): മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടവാങ്ങുേമ്പാൾ അദ്ദേഹെത്ത കുറിച്ചുള്ള ഓർമകളിലാണ് ഒഡിഷയിലെ ഗോത്രവിഭാഗത്തിൽപെട്ട റെയില മുദുലിയും ചന്ദ്ര പ്രധാനിയും. ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പ്രവർത്തനത്തിന് 2012ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിൽനിന്ന് ആദരം ഏറ്റുവാങ്ങിയവരാണ് ഇരുവരും. 12 വർഷം മുമ്പ് ഭുവനേശ്വറിൽ നടന്ന 99ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിലാണ് സിങ് ഇരുവർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്. ആ നിമിഷം ഒരിക്കലും മറക്കാനാവില്ലെന്ന് ഭൂമിയ ഗോത്ര വിഭാഗത്തിൽപെട്ട കർഷകനായ റെയ്ല പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ വിയോഗവാർത്ത കേട്ട് താൻ സ്തബ്ധനായിപ്പോയതായി അദ്ദേഹം പറഞ്ഞു. ഏറെ പരിഭ്രമത്തോടെയാണ് അന്ന് പുരസ്കാരം സ്വീകരിക്കാൻ പോയത്. അദ്ദേഹം സൗമ്യമായാണ് പെരുമാറിയത്. തങ്ങളുടെ പ്രവർത്തനം തുടരണമെന്ന് പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
പുരസ്കാരം നൽകിയപ്പോൾ ഡോ. സിങ് പറഞ്ഞ വാക്കുകൾ എന്നും പ്രചോദനമാണെന്ന് ചന്ദ്ര പ്രധാനി പറഞ്ഞു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ തുടരണമെന്ന് ഉപദേശിച്ചു. അദ്ദേഹത്തെ വീണ്ടും കാണാൻ അവസരം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു -പ്രധാനി പറഞ്ഞു.
സാൻഫ്രാൻസിസ്കോ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. ഇന്ത്യ- യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച നേതാവായിരുന്നു മൻമോഹൻ സിങ്ങെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യ -അമേരിക്ക ആണവ കരാർ രൂപപ്പെടുത്തുന്നതിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അേദ്ദഹം വഹിച്ച പങ്ക് നിസ്തുലമാണ്. മികച്ച പൊതുസേവകനും ദയയും എളിമയുമുള്ള മനുഷ്യനുമായിരുന്നുവെന്നും ബൈഡൻ പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഇന്ത്യൻ ജനതയുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായി അമേരിക്കൻ പ്രഥമവനിത ജിൽ ബൈഡനും പറഞ്ഞു.
ഒാട്ടവ: ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം ഇന്ത്യക്കും ലോകത്തിനും തീരാനഷ്ടമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അദ്ദേഹത്തിന്റെ നയങ്ങൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി. കാനഡ ഉൾപ്പെടെയുളള രാജ്യങ്ങളുമായി ശക്തമായ ബന്ധമുണ്ടാക്കുന്നതിൽ അദ്ദേഹം പങ്കുവഹിച്ചതായും ട്രൂഡോ അനുസ്മരിച്ചു.
സാൻഫ്രാൻസിസ്കോ: മൻമോഹൻ സിങ്ങിന്റെ 1991ലെ ബജറ്റ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സ്വതന്ത്രമാക്കിയതായും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അതിന്റെ ഗുണഫലമനുഭവിക്കാൻ സാധിച്ചുവെന്നും രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിങ്ങിന്റെ ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾ തന്നെപ്പോലുള്ള എണ്ണമറ്റ യുവ സാമ്പത്തിക വിദഗ്ധർക്ക് പ്രചോദനമായെന്നും അവർ കൂട്ടിച്ചേർത്തു.
യുനൈറ്റഡ് നേഷൻസ്: ഇന്ത്യയുടെ സാമ്പത്തിക പാത രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ കാലത്ത് ഇന്ത്യ അഭൂതപൂർവമായ സാമ്പത്തിക വളർച്ച കൈവരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭയുമായുമായുള്ള ബന്ധം ശക്തമായി. ആഗോള സംരംഭങ്ങൾക്കും പങ്കാളിത്തത്തിനും മൻമോഹൻ സിങ് പിന്തുണ നൽകിയതായും ഗുട്ടറസ് അനുസ്മരിച്ചു.
സാൻഫ്രാൻസിസ്കോ: ആണവ കരാറിലൂടെ ഇന്ത്യ -യു.എസ് ബന്ധത്തിന് പുതിയ അടിത്തറ പാകിയ നേതാവാണ് ഡേ. മൻമോഹൻ സിങ്ങെന്ന് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസ് അനുസ്മരിച്ചു. രാഷ്ട്രീയ ഭാവിപോലും അപകടത്തിലാക്കി മേഖലയുടെ ഭാവിയിൽ വലിയ മാറ്റം കൊണ്ടുവരുന്ന കരാർ സാധ്യമാക്കിയെന്ന് അവർ പറഞ്ഞു. ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.