ഹൈദരാബാദ്: 2023 ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടന്ന ഫോർമുല-ഇ മൽസരത്തിനിടെ പണമിടപാട് ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് (ബി.ആർ.എസ്) കെ.ടി രാമറാവുവിനെയും മറ്റു ചിലരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി റിപ്പോർട്ട്. ബി.ആർ.എസ് വർക്കിങ് പ്രസിഡന്റും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനുമായ രാമറാവുവിനോട് ജനുവരി 7ന് മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
തെലങ്കാന പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഇ.ഡി കഴിഞ്ഞ ആഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. രാമറാവുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ അടുത്തിടെ അനുമതി നൽകിയിരുന്നു.
മുതിർന്ന ഐ.എ.എസ് ഓഫിസർ അരവിന്ദ് കുമാർ, റിട്ടയേർഡ് ബ്യൂറോക്രാറ്റും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി മുൻ ചീഫ് എൻജിനീയറുമായ ബി.എൽ.എൻ റെഡ്ഡി എന്നിവർക്കും യഥാക്രമം ജനുവരി 2, ജനുവരി 3 തീയതികളിൽ ഹാജറാവാൻ സമൻസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ബി.ആർ.എസ് ഭരണകാലത്ത് 2023 ഫെബ്രുവരിയിൽ ഹൈദരാബാദിൽ ഫോർമുല-ഇ ഓട്ടമത്സരം നടത്താൻ, വിദേശ കറൻസിയിൽ അനുമതിയില്ലാതെ 55 കോടി രൂപ നൽകിയെന്നാണ് കെ.ടി.ആർ എന്നറിയപ്പെടുന്ന 48 കാരനായ രാമറാവുവിനെതിരെയുള്ള അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വകുപ്പുകൾ പ്രകാരം ഈ കേസിൽ വിദേശ നാണയ ലംഘനവും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
‘ഞങ്ങൾ 55 കോടി രൂപ അടച്ചു. അവർ (ഫോർമുല-ഇ) പണം നൽകിയതായി സമ്മതിച്ചു. ഇതിൽ എവിടെയാണ് അഴിമതി? ഇത് നേരായ അക്കൗണ്ടാണെന്നും’ രാമറാവു പ്രതികരിച്ചു. ബി.ആർ.എസ് ഭരണത്തിൽ മുനിസിപ്പൽ മന്ത്രിയായിരുന്ന രാമറാവു കഴിഞ്ഞ വർഷം ഹൈദരാബാദിൽ മൽസരം സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ഈ വർഷം ഫെബ്രുവരിയിലും മൽസരം നടത്താനിരുന്നെങ്കിലും 2023 ഡിസംബറിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റതോടെ അത് റദ്ദാക്കി. തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയും രാമ റാവുവിനെതിരെ തിരിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.