ന്യൂഡല്‍ഹി: ഗുജറാത്തിലെ വാതകപദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിനെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. വിഷയം സഭയിലുന്നയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യവുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്‍പറേഷന്‍െറ കെ.ജി ബേസിന്‍ പദ്ധതിയിലാണ് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ക്രമക്കേടുകള്‍ കണ്ടത്തെിയത്. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ ആവശ്യം.
ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാക്കളായ മധുസൂദനന്‍ മിസ്ത്രിയും ആനന്ദ് ശര്‍മയുമാണ് വിഷയം സഭയിലുന്നയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ കെ.ജി ബേസിന്‍ എണ്ണ പര്യവേക്ഷണ പദ്ധതിയില്‍ 30,000 കോടി രൂപയുടെ ക്രമക്കേടാണ് സി.എ.ജി കണ്ടത്തെിയിരിക്കുന്നതെന്ന് മിസ്ത്രി കുറ്റപ്പെടുത്തി. 20,000 കോടി ക്യുബിക് അടി വാതകശേഖരം കെ.ജി ബേസിനില്‍ കണ്ടത്തെിയെന്ന് 2005ല്‍ പ്രഖ്യാപിച്ച മോദി അതിനായി പദ്ധതി ആവിഷ്കരിച്ചു. എന്നാല്‍, 19,716.27 കോടി രൂപ ചെലവിട്ടിട്ടും മോദി പ്രഖ്യാപിച്ചതിന്‍െറ പത്തിലൊന്ന് വാതകശേഖരം കണ്ടത്തൊനേ കഴിഞ്ഞുള്ളു. വിഷയത്തില്‍ പ്രധാനമന്ത്രി മോദി പ്രസ്താവന നടത്തുന്നതിന് തങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പ്രസ്താവന നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാറുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടുകള്‍ സാധാരണഗതിയില്‍ നിയമസഭകളുടെ പബ്ളിക് അക്കൗണ്ട് കമ്മിറ്റികളാണ് പരിശോധിക്കുകയെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്‍റ് ചര്‍ച്ചചെയ്യുന്ന രീതിയില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് വിവാദത്തില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിഷയം ബുധനാഴ്ച സഭ ചര്‍ച്ച ചെയ്യുമെന്നും നഖ്വി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ നോട്ടീസ് ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയുടെ പരിഗണനയിലാണെന്നും അക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുക്കുമെന്നും ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പ്രതികരിച്ചു. എന്നാല്‍, കുര്യന്‍െറ മറുപടിയില്‍ തൃപ്തരാകാതിരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ‘പ്രധാനമന്ത്രി ഉത്തരം നല്‍കണം’ എന്ന മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ആദ്യം 15 മിനിറ്റു നേരത്തേക്ക് സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ വീണ്ടും പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.