അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: അന്വേഷണം ഇറ്റാലിയന്‍ കോടതി രേഖകളെ അടിസ്ഥാനമാക്കി

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കോടതി രേഖകളില്‍ വന്ന പേരുകളെ അടിസ്ഥാനമാക്കിയാണ്  അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കൈക്കൂലി കേസ്  സി.ബി.ഐ അന്വേഷിക്കുകയെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് നാല്  മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്ക് നല്‍കിയ മറുപടിയിലാണ് പ്രതിരോധമന്ത്രി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഭാ നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ ചര്‍ച്ചയുടെ മറുപടി പ്രതിരോധ മന്ത്രി മുന്‍കൂട്ടി തയാറാക്കി കൊണ്ടുവന്ന് പറയുകയായിരുന്നു. അഴിമതിക്ക് പ്രേരിപ്പിച്ചതും പിന്തുണ നല്‍കിയതും അതില്‍ നിന്ന് ലാഭം നേടിയതും ആരാണെന്നറിയാന്‍ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കൈക്കൂലി വാങ്ങിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും പരീക്കര്‍ വ്യക്തമാക്കി.

അതേസമയം സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്  ഹെലിക്കോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ബുധനാഴ്ച സഭയില്‍ നാലുമണിക്കൂര്‍ വിഷയം ചര്‍ച്ച ചെയ്തത്. ബി.ജെ.പിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളെത്തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.