വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ദാവൂദ് ശ്രമിച്ചതായി എന്‍.ഐ.എ

ന്യൂഡല്‍ഹി: മതനേതാക്കള്‍ക്കും ആര്‍.എസ്.എസ് നേതാക്കള്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ട് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്‍െറ ഡി കമ്പനി ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).
 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനു ശേഷമായിരുന്നു ഗൂഢാലോചന. ഇതുമായി ബന്ധപ്പെട്ട് ഡി കമ്പനിയിലെ 10 അംഗങ്ങള്‍ക്കെതിരെ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം അറസ്റ്റിലായ ഏഴു പേരുള്‍പ്പെടെ 10 അംഗങ്ങളുടെ പേരുകള്‍ സഹിതമാണ് കുറ്റപത്രം തയാറാക്കുക.
ഗൂഢാലോചനയുടെ ഭാഗമായി 2015 നവംബര്‍ രണ്ടിന് ഗുജറാത്തിലെ ബറൂച്ചില്‍ ഷിരീഷ് ബംഗാളി, പ്രാഗ്നേഷ് മിസ്ത്രി എന്നീ ആര്‍.എസ്.എസ് നേതാക്കളെ ഡി കമ്പനി അംഗങ്ങള്‍ കൊലപ്പെടുത്തി.
1993ലെ മുംബൈ സ്ഫോടനപരമ്പര പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന്‍െറ പ്രതികാരമായാണ് ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തിയതെന്ന് കുറ്റവാളികള്‍ വെളിപ്പെടുത്തിയതായും എന്‍.ഐ.എ പറയുന്നു.
പാകിസ്താനില്‍നിന്നുള്ള ജാവേദ് ചിക്നയും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സഹീദ് മിയാന്‍ എന്ന ജാവോയുമാണ് നേതാക്കളെ കൊലപ്പെടുത്തിയതിനു പുറമെ മതനേതാക്കള്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുമെതിരെ ആക്രമണവും ആസൂത്രണം ചെയ്തത്.
ആക്രമിക്കേണ്ട ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ പട്ടികയുണ്ടാക്കിയിരുന്നു. പാകിസ്താനിലുള്ള ചിക്നയെ അറസ്റ്റ്ചെയ്യാനും ഇന്ത്യക്ക് കൈമാറാനും ആവശ്യപ്പെട്ട് എന്‍.ഐ.എ ഇന്‍റര്‍പോളിനെ സമീപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.