ശത്രുസ്വത്ത് നിയമ ഭേദഗതിക്കെതിരെ കേരളം

ന്യൂഡല്‍ഹി: കേന്ദ്രത്തിന്‍െറ ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബോധിപ്പിച്ചു. 1968ലെ ശത്രുസ്വത്ത് നിയമവും 1971ലെ പൊതുസ്ഥല കൈയേറ്റ വിരുദ്ധ നിയമവും ഭേദഗതി ചെയ്ത് എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലാണ് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചത്. 1965ലെയും 1971ലെയും ഇന്ത്യ-പാക് യുദ്ധവേളയില്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കും 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയില്‍ ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തുക്കളാണ് ശത്രുസ്വത്ത് എന്ന ഗണത്തില്‍പെടുന്നത്.   

അനന്തരാവകാശ നിയമപ്രകാരമാണ് പാകിസ്താനിലേക്ക് പോയവരുടെ പിന്മുറക്കാര്‍ കേരളത്തിലെ തങ്ങളുടെ പാരമ്പര്യസ്വത്തുക്കള്‍ കൈവശംവെച്ചിരിക്കുന്നത്. നിയമപ്രകാരം ശത്രുസ്വത്തായി കണക്കാക്കുന്ന 59 സ്വത്തുക്കളാണ് കേരളത്തിലെ അഞ്ച് ജില്ലകളിലുള്ളത്. ഇവരുടെ പിന്മുറക്കാരായ നൂറോളം കുടുംബങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണത്. ശത്രുസ്വത്തില്‍നിന്ന് നികുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിലുള്ള രേഖകള്‍പ്രകാരം 35 ഏക്കര്‍ ഭൂമി ശത്രുസ്വത്തായുണ്ട്. ഈ സ്വത്തുക്കള്‍ കൈവശമുള്ള കേരളത്തിലെ നൂറുകണക്കിന് കുടുംബങ്ങളെ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി  ദോഷകരമായി ബാധിക്കുമെന്ന് കേരളം ബോധിപ്പിച്ചു. ഭേദഗതിയിലെ അഞ്ച് ബി വകുപ്പ് അനന്തരാവകാശത്തെ ഹനിക്കുന്നതാണെന്നും അത് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ശത്രുസ്വത്തിലെ തര്‍ക്കപരിഹാരത്തിന് സിവില്‍ കോടതികള്‍ക്കുള്ള അധികാരം എടുത്തുകളയുന്നതിനെയും കേരളം എതിര്‍ത്തു.

ജനതാദള്‍-യു ഭരിക്കുന്ന ബിഹാര്‍ ഭേദഗതി ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മഹാരാഷ്ട്ര, ഹരിയാന ബി.ജെ.പി സര്‍ക്കാറുകളും ഡല്‍ഹിയും കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡും ഭേദഗതികളോട് യോജിക്കുകയാണ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബില്ലിന്മേല്‍ അഭിപ്രായം രേഖപ്പെടുത്താനാകില്ളെന്ന് പശ്ചിമ ബംഗാള്‍ വ്യക്തമാക്കി.

ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് അധ്യക്ഷനായ ശത്രുസ്വത്ത് ബില്ലിന്മേലുള്ള രാജ്യസഭയുടെ സെലക്ട് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേരളം കേന്ദ്ര ഭേദഗതിയെ എതിര്‍ത്ത വിവരമുള്ളത്. അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മത്തേ, കേരള ഹൗസ് റെസിഡന്‍റ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍, ലെയ്സണ്‍ ഓഫിസര്‍ അജയ് കുമാര്‍, അസിസ്റ്റന്‍റ് ലെയ്സണ്‍ ഓഫിസര്‍ ജോര്‍ജ്കുട്ടി എന്നിവര്‍ കേരളത്തിന്‍െറ അഭിപ്രായം സഭാസമിതിക്ക് മുമ്പാകെ വെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.