ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി കുറക്കണമെന്ന് യു.പി.എസ്.സി നിയോഗിച്ച കമ്മിറ്റി കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി.എസ്. ബസ്വാന്‍ തലവനായ കമ്മിറ്റിയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. സിവില്‍ സര്‍വിസ് പരീക്ഷയുടെ അഴിച്ചുപണിക്കായി നരേന്ദ്ര മോദി സര്‍ക്കാറാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കമ്മിറ്റിയെ നിയോഗിച്ചത്. പ്രിലിമിനറി പരീക്ഷയില്‍ സിവില്‍ സര്‍വിസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടപ്പാക്കിയതിനെതിരെ 2015ല്‍ പ്രക്ഷോഭങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് തീരുമാനം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
നിലവില്‍ ജനറല്‍ വിഭാഗത്തിന് 32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. 1960ല്‍ ഇത് 24 വയസ്സായിരുന്നു. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷവും വയസ്സിളവുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് 10 വര്‍ഷമാണ് ഇളവ്. പ്രായപരിധി കുറക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ട്രെയിനിങ് അക്കാദമികളും ആവശ്യമുന്നയിച്ചിരുന്നു. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാവേണ്ട മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ 30 വയസ്സ് കഴിഞ്ഞവര്‍ പ്രയാസം നേരിടുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഉയര്‍ന്ന പ്രായപരിധി കുറക്കണമെന്ന് വാജ്പേയി സര്‍ക്കാറിന്‍െറയും മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറയും ഭരണകാലത്തും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഗ്രാമീണമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് തടസ്സമാകുമെന്ന് ഉന്നയിച്ച് പ്രതിഷേധം നടന്നതിനെതുടര്‍ന്ന് തീരുമാനം നടപ്പാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.