നാരായണസാമി പുതുച്ചേരി മുഖ്യമന്ത്രിയാകും

പുതുച്ചേരി:   മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. നാരായണസാമി പുതുച്ചേരി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നികും ഷീല ദീക്ഷിതും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എം.എല്‍.എമാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തിന്‍െറ പേര് നിര്‍ദേശിച്ചത്.

മുഖ്യമന്ത്രിപദം സംബന്ധിച്ച് പാര്‍ട്ടിയിലെ രൂക്ഷമായ വാദപ്രതിവാദങ്ങളെ തുടര്‍ന്നാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോയത്. തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലായിരുന്ന നാരായണസാമി ഇനി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടേണ്ടിവരും.

ആദ്യ യു.പി.എ സര്‍ക്കാറില്‍ പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും രണ്ടാം യു.പി.എ സര്‍ക്കാറില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സഹമന്ത്രിയുമായിരുന്നു നാരായണസാമി. പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ. നമശ്ശിവായം, മുന്‍ മുഖ്യമന്ത്രി വി. വൈതിലിംഗം, മുന്‍മന്ത്രി എം. കന്ദസാമി തുടങ്ങിയവരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റുള്ളവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.