ന്യൂഡൽഹി: രാജസ്ഥാനിൽ സ്വതന്ത്ര സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ നരേഷ് മീണയെയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. ടോങ്ക് ജില്ലയിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം നരേഷ് മീണയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളുടെ പ്രതിഷേധം മൂലം അത് നടന്നിരുന്നില്ല. മീണയുടെ അനുയായികൾ വാഹനങ്ങൾക്ക് തീവെക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് ടിയർഗ്യാസ് പ്രയോഗിക്കേണ്ടി വന്നിരുന്നു.
ഇന്ന് മീണയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ടയറുകൾ കത്തിച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. നരേഷ് മീണക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് കേസുകളിൽ ഇനിയും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സമരാവത ഗ്രാമത്തിൽ മീണയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. സബ് ഡിവിഷണൽ മജസ്ട്രേറ്റ് അമിത് ചൗധരിയെ മർദിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
പൊലീസ് മീണയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് അജ്മീർ റേഞ്ച് ഐ.ജി ഓം പ്രകാശ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 60 പേരെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.