ചണ്ഡിഗഢ്: റോൾസ് റോയ്സിനെക്കാൾ വിലയുള്ള പോത്തോ? സംശയിക്കേണ്ട സത്യമാണ്. വില 23 കോടി രൂപ! വില പോലെ അസാധാരണമാണ് 1500 കിലോ തൂക്കമുള്ള പോത്തിന്റെ ഭക്ഷണക്രമവും.
ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുയാണിപ്പോൾ ഹരിയാനയിൽ നിന്നുള്ള ‘അൻമോൾ’ എന്ന പോത്ത്. പുഷ്കർ മേള, മീററ്റിലെ അഖിലേന്ത്യാ കർഷക മേള തുടങ്ങിയ പ്രധാന കാർഷിക പരിപാടികളിൽ പ്രദർശിപ്പിച്ച അൻമോൾ ഇന്ത്യയിലെ കർഷക സമൂഹത്തിലെആശ്ചര്യ കാഴ്ചയായി മാറി. വലുപ്പം, വംശാവലി, പ്രജനന സാധ്യത എന്നിവക്ക് പേരുകേട്ട അൻമോളിന്‍റെ ഉയർന്ന ഡിമാൻഡ് അതിനെ മൃഗസംരക്ഷണത്തിലെ ഒരു ഐക്കണാക്കി ഉയർത്തി.
അൻമോളിന്‍റെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള ചെലവും അത്ര ചെറുതല്ല. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണത്തിനായി പ്രതിദിനം 1500 രൂപയോളമാണ് ചെലവഴിക്കുന്നത്. ഓരോ ദിവസവും 250 ഗ്രാം ബദാം, 4 കിലോഗ്രാം മാതളനാരകം, 30 വാഴപ്പഴം, 5 കിലോ പാൽ, 20 മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. ഓയൽ പിണ്ണാക്ക്, പച്ച കാലിത്തീറ്റ, നെയ്യ്, സോയാബീൻ, ചോളം എന്നിവക്കു പുറമെയുള്ള ഈ പ്രത്യേക ഭക്ഷണക്രമം പോത്തിന്റെ വളർച്ചയെയും ശക്തിയെയും പുഷ്ടിപ്പെടുത്തുന്നു. ബദാം, കടുകെണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് മസാജ് ചെയ്ത് ദിവസേന രണ്ട് തവണ കുളിപ്പിക്കും. അതുകൊണ്ട് മിനുക്കത്തിനുമുണ്ട് പത്തരമാറ്റ്! പതിവ് ഗ്രൂമിങ്ങിലൂടെ അൻമോളിന്‍റെ ആരോഗ്യം സൂക്ഷ്മമായി പരിപാലിക്കുന്നു.
വളർത്തുന്നതിൽ വലിയ ചെലവുകൾ ഉണ്ടായിരുന്നിട്ടും ഉടമയായ ഗിൽ പോത്തിന്റെ പരിപാലനത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ഒരിക്കൽ ചെലവുകൾ താങ്ങാനാവാതെ അൻമോളിന്‍റെ അമ്മയെയും സഹോദരിയെയും വിൽക്കേണ്ടിവന്നു ഗില്ലിന്. പ്രതിദിനം 25 ലിറ്റർ റെക്കോർഡ് അളവ് പാൽ ആയിരുന്നു അൻമോളിന്‍റെ അമ്മ ഉടമക്ക് നൽകിയിരുന്നത്.
അൻമോളിന്‍റെ മൂല്യം അതിന്റെ വലിപ്പത്തിനും ഭക്ഷണക്രമത്തിനും അപ്പുറത്തേക്ക് വ്യാപിച്ച് പ്രജനനത്തിലും സംഭാവന ചെയ്യുന്നു. ആഴ്‌ചയിൽ രണ്ടുതവണ ശേഖരിക്കുന്ന ബീജത്തിന് വളരെയധികം ആവശ്യക്കാരുണ്ട്. ഓരോന്നിനും 250 രൂപയാണ് വില. ഓരോ തവണത്തെ ശേഖരണത്തിനും നൂറുകണക്കിന് കന്നുകാലികളുടെ പ്രജനനത്തിനാണ് ഇത് സംഭാവന നൽകുന്നത്. 4-5 ലക്ഷം രൂപ സ്ഥിരമായ പ്രതിമാസ വരുമാനം ഹരിയാനക്കാനരായ ഗില്ലിന് ഇത് നൽകുന്നു. പോത്തിന്റെ പരിപാലനത്തിന്റെ ഗണ്യമായ ചെലവ് വഹിക്കാനിത് സഹായിക്കുന്നു. അൻമോളിനെ വിൽക്കാൻ നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഗിൽ തയ്യാറായിട്ടില്ല. പോത്തിന്റെ 23 കോടിയുടെ മൂല്യത്തെ ആഡംബര ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, രണ്ട് റോൾസ് റോയ്‌സ് കാറുകളും പത്ത് മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളും നോയിഡയിൽ ഒരു ഡസനിലധികം ആഡംബര വീടുകളും വാങ്ങാം.
കാർഷിക, മൃഗസംരക്ഷണ മേഖലയിലെ പങ്ക് അടിവരയിടുന്നതാണ് അൻമോളിന്‍റെ മൂല്യം. ശ്രദ്ധേയമായ ജനിതകശാസ്ത്രവും ശാരീരിക ഗുണങ്ങളും അതിന്റെ സന്തതികളെ ബ്രീഡിംഗ് വ്യവസായത്തിൽ ഏറെ അഭികാമ്യമാക്കുന്നു. ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിയെ നവീകരിക്കുന്നതിൽ അത്യന്താപേക്ഷിത ഘടകങ്ങളായ മൃഗങ്ങളുടെ ആരോഗ്യം, ജനിതകശാസ്ത്രം, ഭക്ഷണക്രമം എന്നിവക്ക് മുതൽക്കൂട്ടാണീ അപൂർവയിനം പോത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.