ന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. പുതിയ നികുതി സമ്പ്രദായം അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്നതിന്‍െറ മറ്റൊരു ചുവടുകൂടിയാണ് സര്‍ക്കാര്‍ ഇതോടെ പിന്നിടുന്നത്.
പാര്‍ലമെന്‍റിനു പുറമെ, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പ്രകാരം പകുതിയിലധികം നിയമസഭകളും ബില്‍ അംഗീകരിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്. രാഷ്ട്രപതി ഒപ്പുവെച്ചതോടെ സര്‍ക്കാര്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപവത്കരിച്ച് വിജ്ഞാപനമിറക്കും. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ഉള്‍പ്പെട്ടതാണ് കൗണ്‍സില്‍. നികുതി നിരക്കുകള്‍ നിര്‍ണയിക്കുന്നത് ഈ സമിതിയാണ്. ഏകീകൃത നികുതി കൊണ്ടുവരുകയാണ് ജി.എസ്.ടിയിലൂടെ ചെയ്യുന്നത്. പരോക്ഷ നികുതികളായ വാറ്റ്, എക്സൈസ് ഡ്യൂട്ടി, സേവനനികുതി, കേന്ദ്ര വില്‍പന നികുതി, അധിക കസ്റ്റംസ് തീരുവ, പ്രത്യേക കസ്റ്റംസ് ഡ്യൂട്ടി എന്നിവയെല്ലാം ഇതോടെ ഇല്ലാതാവും.
പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം നവംബറില്‍ തുടങ്ങുന്നതിനുമുമ്പ് കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി, സംയോജിത ജി.എസ്.ടി നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ തയാറാക്കേണ്ടതുണ്ട്. ഇതിന് ശീതകാല സമ്മേളനത്തിന്‍െറ അംഗീകാരമായാല്‍മാത്രമാണ് ഏപ്രില്‍ ഒന്നുമുതല്‍ ജി.എസ്.ടി സമ്പ്രദായം പ്രാബല്യത്തില്‍ വരിക. കേന്ദ്ര ജി.എസ്.ടി, സംയോജിത ജി.എസ്.ടി എന്നിവ മാതൃകാ ജി.എസ്.ടി നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തുന്നത്. സംസ്ഥാന ജി.എസ്.ടി നിയമം അതാതു സംസ്ഥാനങ്ങള്‍ തയാറാക്കും. സംസ്ഥാന തലത്തിലുള്ള ചില്ലറ ഇളവും മാറ്റങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയാവും അത്. അന്തര്‍സംസ്ഥാന ചരക്കു-സേവന നീക്കം കൈകാര്യംചെയ്യുന്നത് സംയോജിത ജി.എസ്.ടി പ്രകാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.