കര്‍ണാടക ശാന്തതയിലേക്ക്; ട്രെയിന്‍ തടയല്‍ സമരം പരാജയം

ബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ അക്രമാസക്തമായ കര്‍ണാടക സാധാരണ നിലയിലേക്ക്. വ്യാഴാഴ്ച വിവിധ കന്നട സംഘടനകളുടെ സംയുക്ത സമിതി രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും വന്‍ പൊലീസ് സന്നാഹം ഒരുക്കിയതിനാല്‍ പ്രതിഷേധക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാനായില്ല.
എന്നാല്‍, കോലാര്‍-ബംഗളൂരു ട്രെയിന്‍ കോലാറില്‍ അല്‍പസമയം തടഞ്ഞിട്ടു. ബംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിലും മൈസൂരു, മാണ്ഡ്യ, ധാര്‍വാഡ്, ശിവമോഗ, കൊപ്പാള്‍, ഹുബ്ബള്ളി എന്നിവിടങ്ങളിലുമെല്ലാം പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്താണ് പൊലീസ് സംഘര്‍ഷാവസ്ഥ നീക്കിയത്. ബംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ മുന്നൂറിലധികം പൊലീസുകാരെയാണ് സുരക്ഷാ ചുമതലക്ക് നിയോഗിച്ചത്. റെയില്‍വേ സ്റ്റേഷനുകളിലത്തെുന്ന വാഹനങ്ങള്‍ പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്. രാമനഗരത്തില്‍ മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി ഒരാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത് ആശങ്കയുണ്ടാക്കിയെങ്കിലും അനുനയിപ്പിച്ച് താഴെയിറക്കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. ബംഗളൂരു കെങ്കേരി സുബ്രഹ്മണ്യപുരത്ത് തമിഴ്നാട്ടുകാരനായ രമേശ് എന്നയാളുടെ ഇലക്ട്രോണിക് കടക്കും സമീപത്തെ വീടിനും നേരെ ആക്രമണമുണ്ടായി. എന്നാല്‍, കാവേരി പ്രശ്നത്തിന്‍െറ മറവില്‍ സമീപത്തെ മറ്റൊരു കടക്കാരന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നെന്നാണ് ആരോപണം.
സംഘര്‍ഷാവസ്ഥയില്‍ അയവ് വന്നെങ്കിലും കേരള ആര്‍.ടി.സിയുടെ കേരളത്തിലേക്കുള്ള സര്‍വിസുകളൊന്നും വ്യാഴാഴ്ച ഉണ്ടായില്ല. ബംഗളൂരുവില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഓണാഘോഷത്തിന് നാട്ടിലത്തെിക്കാന്‍ മുഴുവന്‍ ബസുകളും കേരളത്തിലേക്ക് പുറപ്പെട്ടിരുന്നു. ബസുകള്‍ കേരളത്തില്‍നിന്ന് എത്തുന്നതോടെ വെള്ളിയാഴ്ച മുതല്‍ സര്‍വിസുകള്‍ സാധാരണ നിലയിലാകുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കര്‍ണാടക ആര്‍.ടി.സിയുടെയും ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറയും ബസുകള്‍ സര്‍വിസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. വ്യാപക അക്രമം അരങ്ങേറിയ ബംഗളൂരുവിലെ 16 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ബുധനാഴ്ച പിന്‍വലിച്ചിരുന്നു. എന്നാല്‍, നിരോധാജ്ഞ ഈമാസം 25 വരെ തുടരും. അക്രമസംഭവങ്ങള്‍ വ്യാപാരസ്ഥാപനങ്ങളെയും ബിസിനസ് സംരംഭങ്ങളെയും കര്‍ഷകരെയുമാണ് കൂടുതല്‍ ബാധിച്ചത്. ഐ.ടി കമ്പനികള്‍ക്കു മാത്രം കോടികളുടെ നഷ്ടമാണുണ്ടായത്.
അതേസമയം, കാവേരി പ്രശ്നത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നിയമനടപടികള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമവിദഗ്ധരുടെ യോഗം വിളിച്ചു. വിരമിച്ച ജഡ്ജിമാര്‍ക്കും അഡ്വക്കറ്റ് ജനറല്‍മാര്‍ക്കും പുറമെ മന്ത്രിമാരും മറ്റു നിയമവിദഗ്ധരുമെല്ലാം യോഗത്തില്‍ പങ്കെടുത്തു. കാവേരി ജലവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് തയാറായിട്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.