മുത്ത്വലാഖ് ശരീഅത്ത് വിരുദ്ധമെന്ന് കേന്ദ്രം നിരോധിക്കണമെന്ന്

ന്യൂഡല്‍ഹി:  മുത്ത്വലാഖ് നിരോധത്തിന് പിന്തുണ അറിയിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ഈയിടെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി എന്നിവര്‍  കൂടിയാലോചിച്ചാണ് സത്യവാങ്മൂലം തയാറാക്കിയത്.
മുത്ത്വലാഖ് വിഷയത്തില്‍ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ച നിലപാടിന് എതിരാണ് കേന്ദ്രത്തിന്‍െറ നിലപാട്. ശരീഅത്ത് ദൈവികമാണെന്നും അതില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അധികാരമില്ളെന്നുമുള്ള നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍, മുത്ത്വലാഖ് ശരീഅത്ത് അനുസൃതമല്ളെന്നും മുസ്ലിം രാജ്യങ്ങളില്‍ പോലും നിലനില്‍ക്കുന്നില്ളെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ വാദം. 

സൗദി അറേബ്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങി 20ഓളം രാജ്യങ്ങളില്‍ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്നതിന് നിയമങ്ങള്‍ നിലവിലുണ്ട്.  അവയൊന്നും ശരീഅത്ത് വിരുദ്ധമായി കണക്കാക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് മുത്ത്വലാഖ് അനുവദിക്കുന്നത് അനീതിയും വിവേചനവും ലിംഗനീതിക്ക് നിരക്കാത്തതുമാണെന്ന്  കേന്ദ്രം സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിക്കും.
 മുത്ത്വലാഖ് നിരോധവും ഏകീകൃത സിവില്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടെന്നും മുത്ത്വലാഖ് വിഷയം ലിംഗ വിവേചനത്തിന്‍െറ പ്രശ്നം എന്ന നിലക്കാണ് കാണേണ്ടതെന്നുമുള്ള നിലപാടാണ്  മുസ്ലിം സംഘടനകളുടെ ആക്ഷേപത്തിന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. സത്യവാങ്മൂലം സെപ്റ്റംബറില്‍തന്നെ സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.