മുംബൈ: ജർമ്മൻ ചീഫ് കോൺസുലേറ്റിന്‍റെ വീട്ടിൽ നിന്ന് വജ്രാഭരണം മോഷ്ടിച്ച 27 കാരിയായ വേലക്കാരിയെ മുംബൈ അഗ്രിപാഡ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീക്ഷ നഗറിലെ താമസക്കാരിയായ പല്ലവി റാത്തോഡാണ് പിടിയിലായത്. കെ.കെ ഓൺലൈൻ എന്ന ഏജൻസി മുഖേനെ ഓഗസ്റ്റ് 30നാണ് കോൺസുലേറ്റിന്‍റെ വീട്ടിൽ പല്ലവി ജോലിക്കായി എത്തിയത്.
മോഷണശേഷം വേലക്കാരിയെ തന്നെയായിരുന്നു വീട്ടുകാർ സംശയിച്ചത്. ഇത് സ്ഥിരീകരിക്കാൻ ആഭരണം സൂക്ഷിച്ച അലമാരയുടെ മുകളിൽ താക്കോൽ വെച്ച് കോൺസുലേറ്റിന്റെ ഭാര്യ വീട്ടിൽ നിന്ന് പുറത്തിറങ്ങി. കെണിയാണെന്ന് തിരിച്ചറിയാതെ മറ്റൊരു വജ്രമോതിരം മോഷ്ടിക്കുന്നതിനിടെ വേലക്കാരിയെ കൈയോടെ പിടികൂടി.
സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ഇവരെ കീഴടക്കി പൊലീസിനെ വിവരമറിയിച്ചു. പല്ലവി കുറ്റം സമ്മതിച്ചതോടെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മോതിരം കണ്ടെടുത്തു. ഐ.പി.സി 381 പ്രകാരം കെസെടുത്ത പൊലീസ് പല്ലവിയെ അറസ്റ്റ് ചെയ്തു. മോതിരത്തിന് ഏകദേശം 60,000 രൂപ വിലമതിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെയാണ് ജർമ്മൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഇന്ത്യയിൽ നിയമിച്ചത്. മൂന്നാഴ്ച മുമ്പ് മുംബൈയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.